ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളത്തും രാജ്യറാണി എക്‌സ്പ്രസിന് കരുനാഗപ്പള്ളിയിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അനുകൂല നടപടി സ്വീകരിച്ച മന്ത്രിയുടെ തീരുമാനത്തെ കെ സി വേണുഗോപാൽ എം പി സ്വാഗതം ചെയ്തു.

തിരുവനന്തപുരം: ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളത്തും രാജ്യറാണി എക്‌സ്പ്രസിന് കരുനാഗപ്പള്ളിയിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചതായി കെ.സി വേണുഗോപാൽ എം പി. ആലപ്പുഴ മണ്ഡലത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 17നു കത്തു നൽകിയതിന് പുറമെ ഈമാസം 8നു റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനെ നേരില്‍ കണ്ടപ്പോഴും ഇക്കാര്യം ഉന്നയിക്കുകയും നിവേദനം കൈമാറുകയും ചെയ്തിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം ഫോണിൽ നേരിട്ട് വിളിച്ച് തന്നെ അറിയിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു. യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിച്ച മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എംപി കൂട്ടിച്ചേർത്തു.

കെ.സി വേണുഗോപാൽ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

കെ.സി വേണുഗോപാൽ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

അല്പം മുമ്പ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നെ ഫോണിൽ വിളിച്ചിരുന്നു.

ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിലെ കായംകുളം, കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനുകളിൽ ഞാൻ നേരത്തെ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽ പ്രധാനപ്പെട്ട രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിനു വേണ്ടിയാണ് വിളിച്ചത്.

യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളത്തും രാജ്യറാണി എക്‌സ്പ്രസിന് കരുനാഗപ്പള്ളിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്.

ആലപ്പുഴ മണ്ഡലത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 17നു കത്തു നൽകിയതിന് പുറമെ ഈമാസം 8നു റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനെ നേരില്‍ കണ്ടപ്പോഴും ഇക്കാര്യം ഉന്നയിക്കുകയും നിവേദനം കൈമാറുകയും ചെയ്തിരുന്നു.

യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിച്ച മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

പ്രതിദിനം നിരവധി പേര്‍ ആശ്രയിക്കുന്ന സ്റ്റേഷനുകള്‍ എന്ന നിലയില്‍ കായംകുളത്തും കരുനാഗപ്പള്ളിയിലും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കേണ്ടതിന്റെ പ്രാധാന്യം റെയില്‍വെ മന്ത്രിയെ ബോധ്യപ്പെടുത്തിയതാണ്.

ആലപ്പുഴ, കോട്ടയം വഴി പോകുന്ന വന്ദേ ഭാരത്, ഹംസഫർ എക്സ്പ്രസ് ഉൾപ്പെടെ 11 ട്രെയിനുകൾക്കാണ് കായംകുളത്ത് സ്റ്റോപ്പ് ആവശ്യപ്പെട്ടിരുന്നത്. കരുനാഗപ്പള്ളിയിൽ എട്ടു ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ രണ്ട് സ്റ്റേഷനുകളിലും മുൻഗണനാടിസ്ഥാനത്തിൽ ഉന്നയിച്ച മറ്റ് സ്റ്റോപ്പുകൾ കൂടി അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, മാരാരിക്കുളം, തുറവൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ദീർഘ ദൂര ട്രെയിനുകൾക്കുൾപ്പെടെ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് . ഇക്കാര്യത്തിലും ഉടൻ അനുകൂല നടപടി അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.- ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് ബിജെപിയും വാദിക്കുന്നു.