Asianet News MalayalamAsianet News Malayalam

രണ്ടാംക്ലാസിൽ പഠനം നിർത്തി: പിന്നെ വാഹനമോഷണം, ഒടുവിൽ കഞ്ചാവ് വിൽപ്പന, വീരപ്പൻ റഹീമിന് കുരുക്കിട്ട് എക്‌സൈസ്

കഴിഞ്ഞദിവസം കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് വലയിലാക്കിയത് കേരളത്തിലും വിവിധ അയൽ സംസ്ഥാനങ്ങളിലും വാഹനമോഷണ കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച വീരപ്പൻ റഹീമിനെ. 

Stopped studying in second class then vehicle theft finally sale of cannabis excise trapped Veerappan Rahim
Author
Kerala, First Published Feb 12, 2021, 9:18 PM IST

മലപ്പുറം: കഴിഞ്ഞദിവസം കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് വലയിലാക്കിയത് കേരളത്തിലും വിവിധ അയൽ സംസ്ഥാനങ്ങളിലും വാഹനമോഷണ കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച വീരപ്പൻ റഹീമിനെ. തേഞ്ഞിപ്പലം, പെരുവള്ളൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് വീരപ്പൻ റഹീമെന്ന പെരുവള്ളൂർ കൂമണ്ണ ഒളകര സ്വദേശി പാറക്കാട്ട് എറാട്ട് വീട്ടിൽ അബ്ദുറഹീമിനെ (54) പിടികൂടിയത്. 

മൂന്നിയൂർ പാണക്കാട് വെച്ച്  കൈമാറുകയായിരുന്ന 2.08 കിലോഗ്രാം കഞ്ചാവുമായി തേഞ്ഞിപ്പലം മുക്കൂട് തറയിൽ വീട്ടിൽ ഷിൻസ് (26),മൂന്നിയൂർ വെളിമുക്ക് പാലമുറ്റത്ത് വീട്ടിൽ ബാവുട്ടി എന്ന നൗഷാദ് (33) എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് 12 കിലോയോളം കഞ്ചാവുമായി ദേശീയപാത പടിക്കലിൽ വച്ച് വീരപ്പൻ റഹീം എക്സൈസിന്റെ പിടിയിലാകുന്നത്. 

കഞ്ചാവ് കടത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പിടിച്ചെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരത്തോളം വാഹനമോഷണക്കേസ്സുകളിൽ പ്രതിയായ വീരപ്പൻ റഹീമിന് കേരളത്തിൽ മാത്രം വിവിധ പോലീസ് സ്റ്റേഷനുകളിലായി 300ഓളം കേസുകളുണ്ട്. വിവിധ കേസുകളിലായി നിരവധി വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുമുണ്ട് ഇയാൾ. 

നിരവധി കേസുകളിൽ വാറണ്ട് പ്രതിയായ ഇയാളെ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് മുമ്പ് ലുക്കൗട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു. ജീവിത സാഹചര്യം മൂലം രണ്ടാം ക്ലാസിൽ പഠനമുപേക്ഷിച്ച് തൊഴിൽ തേടിയിറങ്ങിയ റഹീം 1970 കളിൽ വാഹനത്തോടുള്ള ഇഷ്ടം മൂത്ത് ഡ്രൈവിംഗ് പഠിച്ചെടുക്കുകയും ചില്ലറ വാഹന ഇടപാടുകൾ നടത്തി സാധാരണജീവിതം തുടങ്ങിയെങ്കിലും പിന്നീട് മോഷണ വാഹനങ്ങൾ വാങ്ങി വിൽക്കുന്നതിലേക്ക് ചുവടുമാറുകയായിരുന്നു. 

കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാൾക്കെതിരേ കേസുണ്ട്. 1986ൽ നാടൻ തോക്ക് നിർമിച്ച് വൻതോതിൽ വിതരണം ചെയ്തതിന് റഹീമിനെതിരെ പൊലിസ് കേസെടുത്തിരുന്നു. കേരള പോലീസിന്റെ അഭ്യർഥന മാനിച്ച് ഇയാളിൽ തോക്ക് വാങ്ങിയ നിരവധിപേർ തോക്ക് സറണ്ടർ ചെയത് നിയമ നടപടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുമുണ്ട്.  ഈ സംഭവത്തിന് ശേഷമാണ് റഹീമിന് വീരപ്പൻ റഹീം എന്ന ഇരട്ടപ്പേര് ലഭിച്ചത്. ആദ്യകാലത്ത് ആയിരക്കണക്കിന് വാഹനങ്ങൾ മോഷ്ടിച്ച് വിറ്റും പൊളിച്ച് വിറ്റും ഇയാൾ  പണമുണ്ടാക്കിയിട്ടുണ്ട്. 

എന്നാൽ ഇപ്പോൾ എല്ലാ വാഹനങ്ങളിലും മറ്റും അത്യാധുനിക സാങ്കേതിക വിദ്യകളുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്നതിനാൽ വാഹനമോഷണം എളുപ്പമല്ലാത്തതുകൊണ്ടാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നും പഴയ കാല സൗഹൃദങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് ഇയാൾ എക്‌സൈസിനോട് വെളിപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios