കൊച്ചി: പ്രളയത്തിന് ശേഷം ചെളിയും എക്കലും നീക്കി ഡാമുകളുടെ സംഭരണശേഷി കൂട്ടുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം എങ്ങുമെത്തിയില്ല. പട്ടയഭൂമിയിലെ മരം വെട്ടാൻ ഉടമകൾക്ക് അനുമതി നൽകി അടുത്തിടെ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് ഡാമുകളിലേക്ക് കൂടുതൽ മണ്ണ് വന്നടിയാനും കാരണമാവുകയാണ്. മഴ അളക്കുന്നതിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കാൻ കോടികൾ മുടക്കി സ്വകാര്യ ഏജൻസികളെ ആശ്രയിക്കാനാണ് സർക്കാർ തീരുമാനം.

ഡാമുകളിലെ റിസർവോയറുകളിൽ അടിഞ്ഞ് കൂടുന്ന എക്കലും ചെളിയും എടുത്ത് മാറ്റുന്നത് സംബന്ധിച്ച് കാര്യമായ ഒരു പഠനവും ഇത് വരെ സംസ്ഥാനത്ത് നടന്നിട്ടില്ല. പ്രളയത്തിന് ശേഷം ഇതിനുള്ള ഒരു നടപടിയും തുടങ്ങിയില്ല എന്ന് മാത്രമല്ല മണ്ണ് വന്നടിയാൻ കൂടുതൽ സാഹചര്യവും സർക്കാർ തന്നെ ഒരുക്കി നൽകുകയാണ്. പട്ടയഭൂമിയിലുള്ള മരങ്ങൾ മുറിക്കാൻ ഉടമസ്ഥന് അനുമതി നൽകി കൊണ്ട് ഈ വർഷം മാർച്ചിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഇതിന് ഉദാഹരണമാണ്. ഇതോടെ ഡാമുകളിലെ വൃഷ്ടിപ്രദേശങ്ങളിൽ മണ്ണൊലിപ്പിന് സാധ്യത കൂടി. കൂടുതൽ ചെളിയും, എക്കലും ഡാമുകളിലേക്കെത്തും.

2018 ലെ പ്രളത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ സേവനം കാര്യക്ഷമമായില്ല എന്ന ആക്ഷേപം ശക്തമായിരുന്നു. കൂടുതൽ കൃത്യതയുള്ള പ്രവചനത്തിന് 14 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളും, മഴ അളക്കുന്നതിന് നിലവിലുള്ള 68 കേന്ദ്രങ്ങൾ 100 എണ്ണമാക്കി ഉയർത്താനും തീരുമാനം എടുത്തിരുന്നു. ഇതിനായി സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നൽകണം. എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം ഉപകരണങ്ങൾ സ്ഥാപിക്കുമെന്നായിരുന്നു ധാരണയായിരുന്നു. ഈ പദ്ധതി ഒന്നും എങ്ങുമെത്തിയില്ല. ഇതോടെ കോടികൾ മുടക്കി സ്വകാര്യ ഏജൻസികളെ കാലാവസ്ഥ പ്രവചനത്തിന് ആശ്രയിക്കുകയാണ് സ‍ർക്കാർ.