ഒരാൾക്ക് പോലും ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയായി. ഒടുവിൽ സീനിയർ സ്റ്റാഫായ റീത്തയ്ക്ക് ശമ്പളം കൊടുക്കാനും പുതുതായി എത്തിയ പ്രവീണിനെ പിരിച്ചുവിടാനും നൗഷാദ് തീരുമാനിച്ചു. പക്ഷേ റീത്ത, നൗഷാദിന്‍റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു

കോഴിക്കോട്: ശമ്പളം കൊടുക്കാൻ ഇല്ലാതായതോടെ കടയുടമ പിരിച്ച് വിടാൻ തരുമാനിച്ച തൊഴിലാളിക്ക് ശമ്പളം പകുത്ത് നൽകി സഹപ്രവർത്തക. കോഴിക്കോട് വെള്ളിമാട്കുന്നിലെ ഹോം ഫർണിഷിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റീത്ത ഷെറിനാണ് ശമ്പളത്തിന്‍റെ പകുതി നൽകി സഹപ്രവർത്തകന്‍റെ തൊഴിൽ സംരക്ഷിച്ചത്.

ലോക്ക്ഡൗണ്‍ വെള്ളിമാട്കുന്നിലെ നൗഷാദിന്‍റെ സ്ഥാപനത്തേയും സാമ്പത്തികമായി തളർത്തി. രണ്ട് ജോലിക്കാരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഒരാൾക്ക് പോലും ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയായി. ഒടുവിൽ സീനിയർ സ്റ്റാഫായ റീത്തയ്ക്ക് ശമ്പളം കൊടുക്കാനും പുതുതായി എത്തിയ പ്രവീണിനെ പിരിച്ചുവിടാനും നൗഷാദ് തീരുമാനിച്ചു.

പക്ഷേ റീത്ത, നൗഷാദിന്‍റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. അവർ മുന്നോട്ട് വച്ചത് ഏതൊരു അസാധാരണക്കാലത്തേയും തോൽപ്പിക്കുന്ന പകുത്ത് നൽകലിന്‍റെ കരുതൽ കണക്കാണ്. ഇല്ലായ്മക്കിടയിലും തുച്ഛമായ വരുമാനത്തിന്‍റെ പകുതി പ്രവീണിന് നൽകാന്‍ റീത്ത തീരുമാനിച്ചു.

പിന്നെ നൗഷാദിനും മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. പ്രവീണിനെ നിലനിർത്താനും സാധ്യമായ ശമ്പളം നൽകാനും നൗഷാദും തീരുമാനിച്ചു. മഹാമാരിക്കാലത്തെ ഈ പങ്കിട്ടെടുക്കൽ മാതൃക വരുംകാലത്തെ സ്വപ്നങ്ങൾക്ക് ഒരുപാട് പേര്‍ക്ക് കരുത്താകുമെന്നുറപ്പ്.