ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ ബോട്ടിലെ തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷിച്ചു. കായംകുളം തീരത്ത് നിന്നും 37 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ യന്ത്രത്തകരാറു മൂലം ബോട്ടില്‍ കുടങ്ങി അവശനിലയിലായ ഒന്‍പതോളം മത്സ്യ തൊഴിലാളികളെയാണ് രക്ഷിച്ചത്.

പതിനാല് മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിലാണ്  മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആലപ്പുഴ ഫിഷറീസ് യൂണിറ്റ് ഇവരെ രക്ഷിച്ചത്. തോട്ടപ്പള്ളി സ്വദേശിയായ ശ്രീദേവിയുടെ ഉടമസ്ഥതയിലുള്ള ഹൃദേഷ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച്ച രാവിലെയോടെയാണ് ബോട്ട് തരാറിലായി ഒഴുകി നടക്കാന്‍ തുടങ്ങിയത്. വിവരം വയര്‍ലെസ്സ് മുഖാന്തിരം  അറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം നാലരയോടെ രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

പ്രതികൂല കാലാവസ്ഥയില്‍ രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടന്നു. ഒടുവിൽ ഇന്ന് പുലര്‍ച്ചെ 7 മണിയയോടെയാണ്  മത്സ്യത്തൊഴിലാളികളെ സുരക്ഷിതരായി അഴീക്കല്‍ തുറമുഖത്ത് എത്തിച്ചത്.