വൈദ്യുതി കമ്പി തട്ടിയുള്ള അപകടം ഇല്ലാതാക്കാന്‍ വൈദ്യുത കമ്പി കേബിള്‍ ആക്കുന്നതിന് പകരം ഇന്‍സുലേറ്റഡ് തോട്ടി വില്‍പനയെന്ന വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുകയാണ് കെഎസ്ഇബി 

നിങ്ങളുടെ വീട്ടില്‍ ഇരുമ്പ് തോട്ടിയുണ്ടോ..? ഉണ്ടെങ്കില്‍ വേഗം അറിയിച്ചോളൂ... 2000 രൂപയുടെ ഇന്‍സുലേറ്റഡ് ഇരുമ്പ് തോട്ടി കെഎസ്ഇബി പകരം തരും. വൈദ്യുതി കമ്പി തട്ടിയുള്ള അപകടം ഇല്ലാതാക്കാന്‍ വൈദ്യുത കമ്പി കേബിള്‍ ആക്കുന്നതിന് പകരം ഇന്‍സുലേറ്റഡ് തോട്ടി വില്‍പനയെന്ന വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുകയാണ് കെഎസ്ഇബി. മലയാളികളെല്ലാം ചക്കയും മാങ്ങയും തേങ്ങയും പറിക്കാന്‍ തോട്ടി ഉപയോഗിക്കാറുണ്ട്. വിഴിഞ്ഞത്ത് കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇരുമ്പ് തോട്ടിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചത്.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം 21 പേര്‍ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. അ‍ഞ്ചുവര്‍ഷത്തിനിടെ 131 പേരാണ് ഇരുമ്പ് തോട്ടിയുപയോഗിക്കുമ്പോള്‍ ഷോക്കേറ്റ് മരിച്ചത്. ഇതിലും എത്രയോ മടങ്ങ് വൈദ്യുതി കമ്പിയില്‍ നേരിട്ട് തട്ടി ഷോക്കേറ്റ് മരിക്കുന്നു. പത്തുവര്‍ഷത്തിനിടെ 137 കെഎസ്ഇബി ജീവനക്കാരും 160 കരാര്‍ ജീവനക്കാരും മരിച്ചു. പത്തുവര്‍ഷത്തിനിടെ 1597 പൊതുജനങ്ങള്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റുമരിച്ചു എന്നാണ് വൈദ്യുതി മന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടി. 

കേരളത്തില്‍ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെയാണ് മിക്കയിടത്തും വൈദ്യുതി കമ്പികള്‍ പോകുന്നത്. നിരവധി അപകടങ്ങള്‍ നടക്കാറുമുണ്ട്. എന്താണിതിന് പ്രതിവിധി ? നിലവിലുള്ള കമ്പിമാറ്റി എബിസി കേബിള്‍ സ്ഥാപിക്കുക എന്നതാണ് ആ ചോദ്യത്തിനുള്ള മറുപടി. ഇതിന് വേണ്ടിയുള്ള ഉത്തരവ് ഒരു വര്‍ഷം മുമ്പ് ഉണ്ടെങ്കിലും അതെന്ന് പൂര്‍ത്തിയാകുമെന്ന് ആര്‍ക്കുമറിയില്ല. തുച്ഛമായ തുക മാത്രമാണ് അതിന് നീക്കിവെച്ചത്. കേന്ദ്ര സര്‍ക്കാര്‍ 12000 കോടിയുടെ ആര്‍ഡിഎസ്എസ് പദ്ധതിയില്‍ 8000 കോടി നീക്കി വെച്ചത് മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്ററാക്കാന്‍ ചെലഴിക്കാനാണ് ഇപ്പോള്‍ കെഎസ്ഇബി നീക്കം നടക്കുന്നത്.

ഇതിനിടയിലാണ് കെഎസ്ഇബി വിചിത്ര ഉത്തരവിറക്കിയത്. ഇരുമ്പ് തോട്ടിക്ക് പകരം ഇന്‍സുലേറ്റഡ് തോട്ടി നല്‍കുക. ആകെയുള്ള 800 സെക്ഷനുകളില്‍ ആദ്യഘട്ടത്തില്‍ 5 സെക്ഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 50 പേര്‍ വീതം 250 പേര്‍ക്ക് ആദ്യഘട്ടത്തില്‍ വീട്ടിലുള്ള ഇരുമ്പ് തോട്ടി കെഎസ്ഇബി ഓഫീസില്‍ കൊണ്ടു കൊടുത്താല്‍ 2000 രൂപ വിലയുള്ള ഷോക്കടിക്കാത്ത ഇന്‍സുലേറ്റഡ് തോട്ടി നല്‍കും. ബോധവല്‍കരണത്തിന്‍റെ ഭാഗമെന്നാണ് കെഎസ്ഇബി വിശദീകരണം. എന്നാല്‍ എങ്ങനെയാണ് ഈ 250 പേരെ തെരെഞ്ഞെടുക്കുന്നത് എന്ന കാര്യം ഉത്തരവില്‍ പറയുന്നുമില്ല.

മാത്രമല്ല ആദ്യഘട്ടത്തില്‍ എന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഇത് സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയേക്കും. അപ്പോള്‍ ഇരുമ്പ് കമ്പി മാറ്റി കേബിളുകളാക്കുക എന്ന ഉത്തരവ് നടപ്പിലാക്കില്ല എന്നാണോ..? ഇതിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് പരസ്യം നല്‍കുമെന്നും ഈ ഉത്തരവില്‍ തന്നെ ഉണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കെഎസ്ഇബി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് എന്നോര്‍ക്കണം. ഇതെല്ലാം അവസാനം നാളെ കെഎസ്ഇബി ചാര്‍ജായി നാട്ടുകാരുടെ ചുമലിലേക്ക് തന്നെയാണ് വരിക. മുണ്ട് മുറുക്കി ഉടുത്ത് ചെലവ് കുറക്കാനുള്ള ഉത്തരവ് കെഎസ്ഇബി ഇറക്കി അധികം ദിവസമായില്ല. അതിനിടയിലാണ് ലക്ഷങ്ങള്‍ ചെലവഴിക്കാനുള്ള ഈ വിചിത്ര ഉത്തരവ്.