കണ്ണൂർ ജില്ലയിൽ തെരുവുനായകളുടെ അക്രമം വർദ്ധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. നേരത്തെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.
ദില്ലി: പേപ്പട്ടികളെയും ആക്രമണകാരികളായ തെരുവ് നായ്ക്കളെയും ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി.ദിവ്യയാണ് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കണ്ണൂർ ജില്ലയിൽ തെരുവുനായകളുടെ അക്രമം വർദ്ധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. നേരത്തെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രണം കൂടിവരികയാണ്. കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ കുട്ടിയെ ആക്രമിച്ചു. മൂന്ന് വയസ്സുകാരിക്ക് തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് കയ്യിലും കാലിലും പരിക്കേറ്റു. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. ജാൻവി എന്ന കുട്ടിക്കാണ് പരിക്കേറ്റത്. എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കൾ കുട്ടിയെ അക്രമിച്ചത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിനൊന്നുകാരൻ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചു കൊന്നത് കഴിഞ്ഞ ദിവസമാണ്. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിരുന്നു.
ഓട്ടിസം ബാധിച്ച നിഹാലിനെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞിരുന്നില്ല.
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് കയ്യിലും കാലിലും പരിക്ക്
