വടക്കൻ പറവൂരിൽ തെരുവുനായയുടെ കടിയേറ്റ മൂന്ന് വയസുകാരി ചികിത്സയിൽ തുടരുന്നു. പേവിഷബാധ സംശയിക്കുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. നായയെ തല്ലിക്കൊന്നു

എറണാകുളം: എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണത്തിന് ഇരയായ മൂന്ന് വയസുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. വടക്കൻ പറവൂർ നീണ്ടൂൽ മിറാഷിന്റെ മകൾ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു. കുട്ടിയെ ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടിക്ക് വിദഗ്‌ധ ചികിത്സ ആവശ്യമെന്നാണ് വിവരം. ഇന്നലെ വൈകിട്ട് നാല് മണിയോടെ വീടിനോട് ചേർന്നുള്ള അമ്പലത്തിന്റെ പരിസരത്തു വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. നായക്ക് പേവിഷ ബാധ ഏറ്റോയെന്ന് പരിശോധിക്കും. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരനായ വിപിൻ പറയുന്നു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രം​ഗത്തിറങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്.