നായയുടെ ആക്രമണത്തിൽ വഹിദയുടെ ഇടതുചെവിയുടെ ഒരു ഭാ​ഗം നഷ്ടമായി. 

തൃശ്ശൂർ: തൃശ്ശൂർ ​ഗുരുവായൂരിൽ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെയാണ് വഹീദ എന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ വഹിദയുടെ ഇടതുചെവിയുടെ ഒരു ഭാ​ഗം നഷ്ടമായി. വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ വഹീദയെ പിന്നിൽ നിന്ന് വന്ന് നായ ആക്രമിക്കുകയായിരുന്നു. നായ പെട്ടെന്ന് ഓടിവന്ന് ആക്രമിച്ചുവെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്നേ ദിവസം ഗുരുവായൂരിൽ തെരുവുനായ ആക്രമണം ഏൽക്കേണ്ടി വന്ന മൂന്നാമത്തെ ആളാണ് 52കാരിയായ വഹീദ. വൈകുന്നേരത്തോടെയാണ് മൂന്ന് പേരെ തെരുവുനായ ആക്രമിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വഹീദ പ്രാഥമിക ചികിത്സ തേടി. തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് വഹീദയെ മാറ്റാനാണ് തീരുമാനം. ഈ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെയും തെരുവുനായ ആക്രമിച്ചിരുന്നു. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്