Asianet News MalayalamAsianet News Malayalam

തെരുവ് നായ ആക്രമണം: സർക്കാർ നിസ്സംഗരായി നില്‍ക്കുന്നു; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

ആക്രമണം തുടർക്കഥയാകുമ്പോഴും സർക്കാർ നിസ്സംഗരായി നില്‍ക്കുകയാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ്, രണ്ട് വർഷമായി ഒരിടത്തും വന്ധ്യംകരണം നടക്കുന്നില്ലെന്നും ആരോപിച്ചു.

street dog attack v d satheesan against ldf government
Author
First Published Sep 5, 2022, 7:35 PM IST

തിരുവനന്തപുരം: തെരുവ് നായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരുവ് നായ പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ഭരണപക്ഷം പുച്ഛിച്ചുവെന്നും വിഷയത്തില്‍ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. ആക്രമണം തുടർക്കഥയാകുമ്പോഴും സർക്കാർ നിസ്സംഗരായി നില്‍ക്കുകയാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ്, രണ്ട് വർഷമായി ഒരിടത്തും വന്ധ്യംകരണം നടക്കുന്നില്ലെന്നും ആരോപിച്ചു. പ്രതിരോധ വാക്സിന്‍ പരിശോധനകളില്ലാതെയാണ് കൊണ്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നായകളെ വന്ധ്യംകരിക്കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ റാബിസിൽ അത്യപൂർവമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരിൽ വാക്സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം (കംപ്ളീറ്റ് ജീനോമിക് അനാലിസിസ്) പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, കേരളത്തിലെ തെരുവ് നായ ശല്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി വേഗം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. വെള്ളിയാഴ്ച്ച ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചത്. നായയുടെ കടിയേറ്റവർക്ക് പേവിഷ വാക്സിൻ സ്വീകരിച്ച ശേഷവും  ഗുരുതര പ്രശ്നങ്ങളുണ്ടായത് അഭിഭാഷകൻ പരാമർശിച്ചതിന് പിന്നാലെയാണ് കേസ് ഉടൻ പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. ഈ മാസം 26ന് കേസ് പരിഗണിക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്. കേരളത്തിൽ 5 വർഷത്തിനിടെ പത്ത് ലക്ഷം തെരുവു നായ ആക്രമണങ്ങളുണ്ടായെന്നും, സംസ്ഥാനം ഡോഗ്സ് ഓൺ കൺട്രിയായി എന്നും അഭിഭാഷകൻ വി.കെ ബിജു  വാദിച്ചു. തെരുവു നായ വിഷയത്തിൽ പഠനം നടത്താൻ നിയോഗിച്ച ജസ്റ്റിസ് സിരി  ജഗൻ കമ്മീഷനിൽ നിന്നും റിപ്പോർട്ട് തേടണമെന്നും വികെ ബിജു പറഞ്ഞു.

Follow Us:
Download App:
  • android
  • ios