Asianet News MalayalamAsianet News Malayalam

DJ Party Kerala : ലഹരി ഒഴുക്കിന് തടയിട്ട് പൊലീസ്; പുതുവത്സര ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; കർശന നിർദ്ദേശം

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരി പാർട്ടികൾ നടക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ കർശന നിയന്ത്രണം. 

strict control for new year dj parties in kerala during new year celebration
Author
Thiruvananthapuram, First Published Dec 27, 2021, 12:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര ഡിജെ പാർട്ടികൾക്ക് (DJ Party) നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് (Kerala DGP) ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഹോട്ടലിന് പുറത്ത് ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നത് രാത്രി 10 മണിവരെ മാത്രമാകണം. ഇവിടങ്ങളിൽ സിസിടിവി ക്യാമറകളുണ്ടെന്ന് ഉറപ്പ് വരുത്തണം. ഡിജെ പാർട്ടികളിൽ ലഹരി (Drugs) ഉപയോഗമില്ലെന്ന് ഹോട്ടൽ ഉടമകൾ ഉറപ്പുവരുത്തണമെന്നുമാണ് ഡിജിപിയുടെ നിർദ്ദേശം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരി പാർട്ടികൾ നടക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ കർശന നിയന്ത്രണം. 
ലഹരി പാർട്ടി നടക്കാൻ സാധ്യതയുള്ള ഹോട്ടലുകളുടെ വിവരങ്ങളടക്കം ഉൾപ്പെടെയാണ് ഡിജിപി  സർക്കുലർ പുറത്തിറക്കിയത്. 

അതേ സമയം സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാകും. കൊവിഡിനൊപ്പം സംസ്ഥാനത്ത്  ഒമിക്രോണും കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് നാല് മണിക്ക് അവലോകന യോഗം ചേരുന്നത്. പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് വിവരം. 

അതിർത്തികളിൽ പരിശോധന 

അതേ സമയം പുതുവത്സരത്തോട് അനുബന്ധിച്ച് അതിര്‍ത്തികൾ വഴിയുള്ള ലഹരി മരുന്നിന്റെ ഒഴുക്ക് തടയാൻ കേരള-തമിഴ്നാട് സംസ്ഥാനങ്ങൾ സംയുക്ത പരിശോധന നടത്തുണ്ട്. വനപാതകളിലും നിരീക്ഷണം ശക്തമാക്കി. ഇടുക്കി ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ കുമളി, കന്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളിലാണ് കര്‍‍ശന പരിശോധന നടക്കുന്നത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ്നാട്ടിൽ നിന്ന് വൻ തോതിൽ ലഹരി ഒഴുകുമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള എക്സൈസിന്റെയും തമിഴ്നാട് പൊലീസ് എൻഫോഴ്സ്മെന്റിന്റെയും സംയുക്ത പരിശോധന നടത്തിയത്. 


Follow Us:
Download App:
  • android
  • ios