ലഹരി ഉപയോഗത്തെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കുവാൻ പാടില്ലെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്താ പത്രക്കുറിപ്പിൽ പറഞ്ഞു.

തിരുവല്ല: ഡോ. വന്ദനദാസിന്റെ മരണം മാനവസമൂഹത്തെ ആകെ നടുക്കിയ സംഭവമാണെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ജീവൻ സംരക്ഷിക്കുവാൻ രാത്രിസമയത്തും ആശുപത്രിയിൽ അദ്ധ്വാനിച്ച ഡോ. വന്ദനയാണ് അതിദാരുണമായി ആശുപത്രിയിൽ വെച്ച് തന്നെ കൊലചെയ്യപ്പെട്ടത്. ജീവനെ പരിരക്ഷിക്കേണ്ടത് ഏവരുടെയും ചുമതലയാകയാൽ ആർക്കും തന്നെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുവാൻ കഴിയുകയില്ല. ലഹരിക്ക് അടിമപ്പെട്ട ഒരാളാണ് ആശുപത്രിയിൽ ജീവന് നേരെ കടന്നാക്രമണം നടത്തിയത്. ലഹരി ഉപയോഗത്തെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കുവാൻ പാടില്ലെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്താ പത്രക്കുറിപ്പിൽ പറഞ്ഞു.

ഏത് തരത്തിലുള്ള ലഹരിയാണെങ്കിലും അതിന് അടിമപ്പെട്ട മനുഷ്യൻ മാനുഷിക മൂല്യങ്ങളെ ബലികഴിക്കുന്നതും, ജീവനെ നിഗ്രഹിക്കുന്നതും, ബന്ധങ്ങളെ ശിഥിലമാകുന്നതും തിരിച്ചറിയുകയും, കർശനമായ നിയമ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യണം. വർദ്ധിച്ച് വരുന്ന ലഹരിയുടെ ഉപയോഗവും അത് ഒരു തലമുറയെ ഇല്ലാതാക്കുന്നതും നിസ്സാരമായി കാണരുത്. ഇത്തരം സംഭവങ്ങൾ യാതൊരു കാരണവശാലും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാർ ഉണരണം. ഡോ. വന്ദനദാസിന്റെ വേർപാടിൽ മാർത്തോമ്മാ സഭയുടെ ദുഖം അറിയിക്കുന്നു.