Asianet News MalayalamAsianet News Malayalam

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം; ഒ പി അടച്ചു

നേരത്തെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരും ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിലുണ്ട്. 

Strict restrictions in gynecology department of Kottayam Medical College
Author
Kottayam, First Published Jul 26, 2020, 8:41 PM IST

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ച് ഗര്‍ഭിണികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം. മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗൈനക്കോളജി വിഭാഗത്തിന് കീഴിലുള്ള ഒ പി അടച്ചു. നേരത്തെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരും ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിലുണ്ട്. 

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ കൊവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്ക് മാത്രമായിരിക്കും ഇനി ചികിത്സ നല്‍കുക. ഈ വിഭാഗത്തിലെ മറ്റു രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തും. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം മറ്റ്  ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. ഒരാഴ്ച്ചത്തേക്ക് ഇവിടെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കില്ല.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ച് ഗര്‍ഭിണികളില്‍ രണ്ട് പേരുടെ പ്രസവം കഴിഞ്ഞു. എല്ലാ രോഗികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ അറിയിച്ചു.  കഴിഞ്ഞയാഴ്ച്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം നല്‍കണമെന്നും സൂപ്രണ്ട് അറിയിച്ചു.

Follow Us:
Download App:
  • android
  • ios