പരിഹാര മാർഗങ്ങൾ ചർച്ചയായില്ലെന്നും സമരം തുടരുമെന്നും സമരക്കാർ പറഞ്ഞു.  മന്ത്രിയുൾപ്പടുന്ന ഉന്നതതല ചർച്ച നടത്താമെന്ന് ഇന്നത്തെ കൂടിക്കാഴ്ച്ചയിൽ സർ‍ക്കാർ ഉറപ്പ് നൽകി.

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി (Veena George) നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമാകാതെ സംസ്ഥാനത്തെ പി.ജി ഡോക്ടർമാരുടെ സമരം (Doctors strike). പരിഹാര മാർഗങ്ങൾ ചർച്ചയായില്ലെന്നും സമരം തുടരുമെന്നും സമരക്കാർ പറഞ്ഞു. മന്ത്രിയുൾപ്പടുന്ന ഉന്നതതല ചർച്ച നടത്താമെന്ന് ഇന്നത്തെ കൂടിക്കാഴ്ച്ചയിൽ സർ‍ക്കാർ ഉറപ്പ് നൽകി.

ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി ചർച്ചയില്ലെന്ന നിലപാട് സർക്കാർ തൽക്കാലം മയപ്പെടുത്തി. പ്രശ്നങ്ങൾ കേൾക്കാൻ തയാറെന്ന് മന്ത്രി അറിയിച്ചതോടെയാണ് ഇന്ന് കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുങ്ങിയത്. പരിഹാര മാർഗങ്ങൾ ചർച്ചയായില്ലെങ്കിലും ഔദ്യോഗികമായി ഒരു ചർച്ചയ്ക്ക് കൂടി തയാറെന്ന് സർക്കാർ അറിയിച്ചു. പിജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ എന്നിവരുൾപ്പെടുന്നതാകും ചർച്ച. എന്നാൽ തിയതിയോ സമയമോ സർക്കാർ പറഞ്ഞിട്ടില്ല.

ഹൗസ് സർജന്മാർ തിരികെ ഡ്യൂട്ടിയിൽ കയറുകയും, താൽക്കാലികമായി നിയമിച്ച ജൂനിയർ റെസിഡന്റുമാർ എത്തുകയും ചെയ്തതോടെ മെഡിക്കൽ കോളേജുകളിൽ സ്തംഭിക്കുന്ന തരത്തിലുള്ള പ്രതിന്ധിയില്ല. ഒ.പി സമയം നീട്ടിയും അടിയന്തരമല്ലാത്ത ചികിത്സകൾ മാറ്റിവെച്ചും തൽക്കാലം മുന്നോട്ടു പോവുകയാണ്. സമരം നടക്കുന്നതറിഞ്ഞ് സംസ്ഥാനത്താകെ മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതേസമയം മൂന്ന് പ്രധാന ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടു പോവാൻ ഇതുവരെ സമരക്കാർ‍ തയാറായിട്ടുമില്ല.