കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു. കൊച്ചി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും നിരവധി കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. എറണാകുളത്തെ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലുള്ള അഞ്ച് രോഗികളുടെ നില അതീവഗുരുതരമാണ്. 

വെൻ്റിലേറ്റർ സഹായത്തോടെയാണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്. മൂന്ന് ആലുവ സ്വദേശികളും ഇലഞ്ഞി,പറവൂർ സ്വദേശികളുമാണ് വെന്റിലേറ്ററിലുള്ളത്. രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ ഫോർട്ട് കൊച്ചി മേഖലയിൽ കർഫ്യൂ ഏർപെടുത്തുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ ആലുവയിൽ പറഞ്ഞു.

ആലുവയിൽ നടപ്പാക്കിയതിന് സമാനമായ നിയന്ത്രണങ്ങൾ ഫോർട്ട് കൊച്ചിയിൽ ഏർപ്പെടുത്തുമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ രോഗ വ്യാപന മേഖലയുടെ മാപ്പിങ്ങ് നടത്തി കൊണ്ടിരിക്കുകയാണ്. കളമശ്ശേരി,ഏലൂർ, എടയാർ മേഖലകളിൽ വ്യവസായങ്ങൾക്ക് ഇളവു നൽകി കർശനനിയന്ത്രണങ്ങൾ തുടരും. 

എറണാകുളം ജില്ലയിൽ രോഗം ക്ലസ്റ്ററുകൾക്ക് പുറത്തേക്കും പരക്കുകയാണെന്നും ജില്ലയിൽ ലോക്ക് ഡൗൺ തത്കാലം ഏ‍ർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ആലുവയിൽ നിയന്ത്രണങ്ങൾ പിൻവലിക്കില്ല. ഫോർട്ട് കൊച്ചി,മട്ടാഞ്ചേരി,പള്ളുരുത്തി മേഖലയിലായി 50 അധികം കേസുകൾ ഇതിനോടകം റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ചെല്ല‌ാനത്തേക്കാൾ സ്ഥിതി രൂക്ഷമാണ്. ഇവിടെ മൂന്ന് വാർഡുകളിലാണ് കൂടുതൽ കേസുകൾ. 

ആലുവയിലേതിന് സമാനമായ നിയന്ത്രണങ്ങൾ ഇവിടെ ഏർപ്പെടുത്തുമെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. ഈ മേഖലയിലെ രോഗികളുടെ പ്രാഥമിക സമ്പർക്കത്തിലുള്ള മുഴുവൻ പേരെയും പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. 

അതേസമയം അങ്കമാലി-കാഞ്ഞൂർ മേഖലയിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചൂർണിക്കര മഠത്തിലെ ഒരു കന്യാസ്ത്രീയ്ക്ക് ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒന്നും രണ്ടും വയസുള്ള 2 കുട്ടികളും ഉൾപ്പെടും. ആലുവ ജില്ല ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 4 രോഗികളും മേഖലയിലുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആലപ്പുഴ സ്വദേശിയായ ആരോഗ്യപ്രവർത്തകയും രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.