തൃശ്ശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടം കുതിച്ചുപാഞ്ഞൊഴുകുകയാണ്. വെള്ളച്ചാട്ടത്തിന്‍റെ ശക്തി രണ്ടിരട്ടി കൂടിയെന്നാണ് വിലയിരുത്തൽ. പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നതിനാൽ സ്ഥലത്ത് വിനോദസഞ്ചാരത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. 

പെരിങ്ങൽക്കുത്ത് ഡാമിന്‍റെ രണ്ട് വാൾവുകൾ തുറന്നതോടെയാണ് ശക്തമായ നീരൊഴുക്ക് തുടങ്ങിയത്. മാത്രമല്ല, അതിരപ്പിള്ളി കാടുകളിൽ കനത്ത മഴയും പെയ്യുന്നുണ്ട്. ഇതാണ് ജലനിരപ്പ് കുത്തനെ ഉയരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായ ഒഴുക്കുണ്ടെങ്കിലും ഇത്ര ജലനിരപ്പുണ്ടായിരുന്നില്ല. ഇന്നലെ തൃശ്ശൂർ, ചാലക്കുടി ഭാഗത്ത് ശക്തമായ മഴ പെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ജലനിരപ്പ് കുത്തനെ കൂടുകയും ഭീതിജനകമായ രീതിയിൽ വെള്ളച്ചാട്ടം ശക്തിയാർജിക്കുകയും ചെയ്തിരിക്കുന്നത്. 

വിനോദസഞ്ചാരത്തിനുള്ള വിലക്ക് അടുത്ത ഒരാഴ്ച കൂടി തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. അതിരപ്പള്ളി - മലക്കപ്പാറ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. 

അതിരപ്പിള്ളിയുടെ മുകളിലുള്ള എല്ലാ തോടുകളിലെയും വെള്ളം അവിടേക്കാണ് ഒഴുകുന്നത്. തൊട്ടടുത്തുള്ള വെള്ളച്ചാട്ടം റോഡിലേക്കാണ് ഇപ്പോൾ ഒഴുകുന്നതെന്നും സ്ഥലവാസികൾ പറയുന്നു. 

വീഡിയോ: