തിരുവനന്തപുരം:അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരും. 40 മുതൽ 50 കീലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു. എറണാകുളത്ത് തീരദേശ താലൂക്കുകളായ കൊച്ചിയിലും പറവൂരിലും തൃശ്ശൂരിലെ  ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ വെള്ളക്കെട്ട് മൂലം പ്രയാസം നേരിടുന്ന  സ്കൂളുകൾക്ക് അവധി നൽകുന്നതിന് വിദ്യാഭ്യാസ ഉപഡയക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു

ശനിയാഴ്ച ശക്തമായ കാറ്റിന് സാധ്യത

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകും. ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത് മഹാ എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.

നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യതൊഴിലാളികൾ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്.

പൊതുജനങ്ങളും കൂടുതൽ ജാഗ്ര പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മൂന്നാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

എറണാകുളത്ത് കടൽക്ഷോഭം ശക്തം, ക്യാമ്പുകൾ തുറന്നു

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽ ക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. എടവനക്കാട് 4 കുടുംബങ്ങൾ ക്യാമ്പിൽ ആണ്. ഫോർട്ട്കൊച്ചിയിൽ 15ലേറെ മീൻപിടുത്ത വള്ളങ്ങൾ തകർന്നു.

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഒന്നരയടി ഉയർത്തി. രാവിലെ 9 ന് അരയടി കൂടി ഉയർത്തും. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു