റിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്‌മാബി കോളേജിൻ്റെ മുന്നിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തില്‍ കെഎസ്‍യു - എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

തൃശൂർ: തൃശൂർ മതിലകത്ത് വിദ്യാർത്ഥി സംഘർഷം. പറിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്‌മാബി കോളേജിൻ്റെ മുന്നിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തില്‍ കെഎസ്‍യു - എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് തർക്കത്തിന് പിന്നാലെയാണ് സംഘർഷം. ഇതിന്റെ തുടർച്ചയാണ് കോളേജിന് പുറത്തേക്ക് സംഘർഷം നീണ്ടത്.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ യൂണിയൻ വിജയം നേടിയിരുന്നു. ഇതിന്റെ പ്രകോപനമാണ് കെഎസ്‍യു നടത്തിയതെന്ന് എസ്എഫ്ഐ ജില്ലാ പ്രഡിഡന്റ് അനസ് ആരോപിച്ചു. അതേസമയം, കൈപ്പമംഗലത്തെ ഡിവൈഎഫ്ഐ നേതാക്കളും എസ്എഫ്ഐ പ്രവർത്തകരുമാണ് പ്രശ്നമുണ്ടാക്കിയതെന്നും കെഎസ്‍യു പ്രവർത്തകരെ ആക്രമിച്ചതെന്നും കെഎസ്‍യു ആരോപിക്കുന്നു. കോളേജിന് പുറത്ത് ചായക്കടയ്ക്ക് മുന്നിലായിരുന്നു വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പരാതി ലഭിക്കുന്ന അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി അറിയിച്ചു.