കുസാറ്റിൽ അനധ്യാപക തസ്തികയിലുള്ള സ്റ്റുഡന്‍റ് ഡയറക്ടർ അസി. പ്രൊഫസർ പദവിയിൽ; വഴിവിട്ട നീക്കമെന്ന് ആരോപണം
ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയ ശേഷമാണ് 2008ൽ ജോലിയിൽ പ്രവേശിച്ചതെന്നും ഏഴ് വർഷത്തെ അധ്യാപന പരിചയം ഉണ്ടെന്നതിനാൽ അർഹമായ തസ്തികയാണ് ലഭിച്ചതെന്നുമാണ് പി കെ ബേബിയുടെ പ്രതികരണം.

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അനധ്യാപക തസ്തികയിലുള്ള സ്റ്റുഡന്‍റ് ഡയറക്ടറെ അസിസ്റ്റൻഡ് പ്രൊഫസർ പദവിയിൽ എത്തിച്ചത് വഴിവിട്ട നീക്കങ്ങളിലൂടെ എന്ന് ആരോപണം. സിൻഡിക്കേറ്റ് അംഗവും സ്റ്റുഡൻഡ് വെൽഫെയർ പദവിയിലുമുള്ള പി കെ ബേബിയ്ക്കെതിരെയാണ് പ്രതിപക്ഷ അനധ്യാപക സംഘടന ഗവർണർക്ക് പരാതി നൽകിയത്. തസ്തിക പുതുക്കിയപ്പോൾ പുതിയ വിഞ്ജാപനം നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
2008ലാണ് കുസാറ്റിലെ സ്റ്റുഡൻഡ് വെൽഫെയർ ഡയറക്ടർ പദവിയിലേക്ക് പി കെ ബേബി എത്തുന്നത്. കലോത്സവം, തെരഞ്ഞെടുപ്പ് നടത്തിപ്പ് മുതൽ അധ്യാപനം ഒഴികെ ഉള്ള പ്രവർത്തനങ്ങളാണ് ചുമതല. ഏഴ് വർഷം ജോലിയിൽ തുടർന്ന ശേഷം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ 2016ലാണ് ഈ തസ്തിക അധ്യാപക പദവിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പി കെ ബേബി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കത്തയക്കുന്നത്. ഈ അപേക്ഷയ്ക്ക് പിന്നാലെ സർവകലാശാല സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യാൻ സർക്കാർ നിർദ്ദേശമെത്തി.
2018 ജൂൺ മാസത്തിൽ സർവ്വകലാശാല സ്റ്റുഡൻഡ് ഡയറക്ടർ പദവി ഭേദഗതി ചെയ്ത് അധ്യാപക തസ്തികയാക്കി. അന്നത്തെ ചാൻസിലറും ഗവർണറുമായിരുന്ന പി സദാശിവവും ഇതിന് അനുമതി നൽകി. എന്നാൽ പി കെ ബേബിയെ തന്നെ തുടരാൻ സർവകലാശാല അനുവദിച്ചു. പുതിയ വിജ്ഞാപനം നൽകാതെ അപേക്ഷ ക്ഷണിക്കാതെ ബേബിയെ തുടരാൻ അനുവദിച്ചത് രാഷ്ട്രീയപ്രേരിതമെന്നാണ് ആരോപണം. കോൺഗ്രസ്സ് അനുകൂല അനധ്യാപക സംഘടനയുടെ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിലവിൽ സർവകലാശാലയോട് വിശദീകരണം തേടി.
ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയ ശേഷമാണ് 2008ൽ ജോലിയിൽ പ്രവേശിച്ചതെന്നും ഏഴ് വർഷത്തെ അധ്യാപന പരിചയം ഉണ്ടെന്നതിനാൽ അർഹമായ തസ്തികയാണ് ലഭിച്ചതെന്നുമാണ് പി കെ ബേബിയുടെ പ്രതികരണം. തസ്തിക മാറ്റിയപ്പോൾ പുതിയ വിഞ്ജാപനം നൽകിയിരുന്നില്ലെന്ന് എന്ന് നിലവിലെ കുസാറ്റ് വൈസ് ചാൻസിലർ പറഞ്ഞു. യോഗ്യരായ വ്യക്തികളായതിനാൽ ഫിസിക്കൽ എജ്യക്കേഷൻ ഡയറക്ടർ പദവിയിലടക്കം ഇതേ രീതിയാണ് തുടർന്നതെന്നും നിലവിലെ വി സി ചുമതലയിലുള്ള ഡോ. പി ജി ശങ്കരൻ പറഞ്ഞു.