കാക്കനാട്: എറണാകുളം കാക്കനാടില്‍ പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു. അർധരാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക (17)യാണ് കൊല്ലപ്പെട്ടത്. പ്ലസ് വൺ വിദ്യാർഥിനിയാണ്.

സാരമായി പൊള്ളലേറ്റ പറവൂർ പല്ലംതുരുത്തി സ്വദേശി മിഥുനിനെ (27) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു.

 

ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. രക്ഷപ്പെടുത്താന്‍  ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് സൂചന.  സുഹൃത്തിന്റെ ബൈക്കിലാണ് യുവാവ് എത്തിയത്. പെൺകുട്ടിയുടെ വീടിന് സമീപത്തുനിന്നും ബൈക്ക് കണ്ടെടുത്തിട്ടുണ്ട്.