Asianet News MalayalamAsianet News Malayalam

കായികമേളയ്ക്കിടെ വീണ്ടും അപകടം; ഹാമ‍ര്‍ ത്രോക്കിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക്

  • കോഴിക്കോട് രാമകൃഷ്ണ മിഷ്യൻ സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരിക്ക്
  • വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി
Student injured after hammer broke kozhikode revenue district school sports meet
Author
Kozhikode, First Published Nov 8, 2019, 1:53 PM IST

കോഴിക്കോട്: റവന്യു ജില്ല സ്കൂൾ കായികമേളയ്ക്കിടെ ഹാമറിന്റെ കമ്പി പൊട്ടി അപകടം. ഹാമര്‍ ദൂരേക്ക് തെറിച്ചുപോയെങ്കിലും കമ്പി വിദ്യാര്‍ത്ഥിയുടെ കൈയ്യിൽ ഇടിച്ചു. ഇതോടെ വിദ്യാര്‍ത്ഥിയുടെ കൈയ്യിലെ നടുവിരലിന് പരിക്കേറ്റു.

കോഴിക്കോട് രാമകൃഷ്ണ മിഷ്യൻ സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരിക്ക്. വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം അപകടം സാങ്കേതിക പിഴവാണെന്നാണ് വിവരം. അഞ്ച് കിലോ തൂക്കമുള്ള ഹാമറിന് പകരം കുട്ടിക്ക് ഏഴര കിലോ തൂക്കമുള്ള ഹാമറാണ് നൽകിയതെന്നും ഇത് ഉപയോഗിച്ച് പരിചയമില്ലാതിരുന്ന കുട്ടി അപകടത്തിൽ പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്ത് കായികമേളകളിൽ അപകടം ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജൻ നിയമസഭയില് പറഞ്ഞ് ദിവസങ്ങൾ കഴിയുന്നതിന് മുൻപാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കായികമേളകളിൽ അപകടം ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് മന്ത്രി പറഞ്ഞത്. 

പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യ ദിനത്തില്‍ ഒക്‌ടോബര്‍ നാലിനായിരുന്നു കേരളത്തെ നടുക്കിയ ദുരന്തം. ഗ്രൗണ്ടില്‍ വീണ ജാവലിന്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വോളണ്ടിയറായിരുന്ന അഫീലിന് തലയില്‍ ഹാമര്‍ പതിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തലയോട്ടിക്ക് പരിക്കേറ്റ അഫീല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ 15 ദിവസം ചികില്‍സയില്‍ കഴിഞ്ഞു. വിദഗ്ധ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നെങ്കിലും അഫീലിനെ രക്ഷിക്കാനായില്ല. 

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും കടുത്ത ന്യുമോണിയ ബാധ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്‌ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. ഒരേസമയം നിരവധി മത്സരങ്ങള്‍ നടത്താന്‍ ശ്രമിച്ചതാണ് വിനയായതെന്നായിരുന്നു കണ്ടെത്തൽ.

അഫീല്‍ ജോണ്‍സണ്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം. ജാവലിന്‍ ത്രോ മത്സരങ്ങളുടെ ചുമതലക്കാരും റഫറിമാരുമായ ജോസഫ്, നാരായണന്‍കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്‍റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios