കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജസ്പ്രീത് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ചയെന്ന് സര്‍വകലാശാല പരാതി പരിഹാര സമിതി. ജസ്പ്രീതിന് ഹാജര്‍ ഇല്ലായിരുന്നെന്ന കോളജ് അധികൃതരുടെ വാദം ശരിയാണെങ്കിലും ഈ വിഷയത്തില്‍ മാനുഷിക പരിഗണന കാട്ടാമായിരുന്നെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു.

സര്‍വകലാശാല നിര്‍േദേശിക്കുന്ന ഹാജര്‍ ഇല്ലാഞ്ഞതിനാലാണ് ജസ്പ്രീത് സിംഗിനെ പരീക്ഷയെഴുതാന്‍ അനുവദിക്കാഞ്ഞതെന്നാണ് ക്രിസ്ത്യന്‍ കോളജ് മാനേജ്‌മെന്റിന്റെ വാദം. ഈ വിശദീകരണം നിയമപരമായി ശരിയാണെങ്കിലും വിദ്യാര്‍ത്ഥിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാമായിരുന്നു. സര്‍വകലാശാല നിര്‍ദേശങ്ങള്‍ കോളേജ് നടപ്പാക്കിയത് വിദ്യാര്‍ത്ഥി സൗഹൃദ രീതിയിലല്ലെന്നും പരാതി പരിഹാര സമിതി പറയുന്നു. 

ജസ്പ്രീത് ഉള്‍പ്പെടെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലുളള വിദ്യാര്‍ത്ഥികളുടെ ഹാജര്‍ കുറയാന്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുളള വീഴ്ചയും കാരണമായെന്ന് സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ മൂന്നില്‍ രണ്ട് അധ്യാപകരും അഞ്ച്, ആറ്  സെമസ്റ്ററുകളില്‍ ദീര്‍ഘനാള്‍ അവധിയിലായിരുന്നു. 

ഇവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ മാനേജ്‌മെന്റിന് വീഴ്ച പറ്റി. ഈ വിഷയത്തിലടക്കം വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്നും പരാതിപരിഹാര സമിതിയുടെ  റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാഫ് കൗണ്‍സിലോ, ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സിലോ, കോളേജിലെ സ്റ്റുഡന്‍സ് ഗ്രീവന്‍സ് സെല്ലോ വിളിച്ച് കൂട്ടി പരാതികള്‍ പരിഗണിച്ചില്ലെന്നും സമിതി കണ്ടെത്തി.

സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ മാത്രം ജസ്പ്രീത് ഉള്‍പ്പെടെ 10 പേര്‍ക്കാണ് ഹാജര്‍ കുറവിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതെ പോയത്. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് കോഴിക്കോട് കോണ്‍വെന്റ് റോഡിലെ ഫ്‌ളാറ്റില്‍ ജസ്പ്രീത് സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.