പത്തനംതിട്ട: കൊച്ചിയിൽ മരിച്ച അച്ഛനുമായി കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥി നേരിൽ കണ്ടിട്ടില്ലെന്ന് സ്ഥിരീകരണമായി. അച്ഛൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്നാണ് കുട്ടി നാട്ടിലെത്തിയത്. നാട്ടിൽ എത്തിയ ദിവസം മുതൽ കുട്ടി വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ ഏറെ നാളുകളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു

ചൈനയിൽ നിന്നെത്തി 10 ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പത്തനംതിട്ട വല്ലന സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ അച്ഛനാണ് ഇന്ന് രാവിലെ മരിച്ചത്. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ള പത്തനംതിട്ടയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇറ്റലിയിൽ നിന്നുള്ള 17 പേർ ഉൾപ്പെടെ വിവിധ രാഷ്ട്രങ്ങളിൽ നിന്നായി 726 പേരാണ് വിദേശത്ത് നിന്ന് പത്തനംതിട്ടയിൽ തിരികെ എത്തിയിരിക്കുന്നത്. ഇവര്‍ വീടുകളിൽ നിരീക്ഷണത്തിലാണ്. മൊത്തം 29 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിൽ 1250 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധനകൾ തുടരുകയാണ്. ഇതിനായി 30 ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ ശബരിമലയിൽ എത്തിയ 4066 അയ്യപ്പഭക്തരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചു. ജില്ലയിൽ നിന്ന് ഇതുവരെ 94 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് ലഭിച്ച ഒമ്പത് പേരുടെ ഫലങ്ങൾ നെഗറ്റീവാണ്. ഒന്നര വയസുള്ള കുട്ടിയുടെ അടക്കമുള്ള 9 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ്. ഇതിൽ രോഗലക്ഷണമുള്ള പന്തളം സ്വദേശിയുടെ ഫലം ഇല്ല.