കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നേരിട്ടുള്ള ക്ലാസുകള്‍ പാടില്ലെന്നും ഓണ്‍ലൈന്‍ ക്ലാസ് മതിയെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്. 

തൊടുപുഴ: ഇടുക്കി കട്ടപ്പനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി സ്വകാര്യ നഴ്‌സിങ് കോളേജില്‍ ക്ലാസ് നടക്കുന്നതായി വിദ്യാര്‍ത്ഥികളുടെ പരാതി. കട്ടപ്പന സെന്റ് ജോണ്‍സ് നഴ്‌സിങ് കോളേജിലാണ് സംഭവം. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നേരിട്ടുള്ള ക്ലാസുകള്‍ പാടില്ലെന്നും ഓണ്‍ലൈന്‍ ക്ലാസ് മതിയെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്. നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ സമയമായതിനാല്‍ അവരുടെ കാര്യത്തില്‍ മാത്രം ചെറിയ ഇളവ് കേരള ആരോഗ്യ സര്‍വകലാശാല നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ ചെറിയ ഗ്രൂപ്പുകള്‍ക്കായി ക്ലാസ് നടത്താം എന്നാണ് ഉത്തരവ്. എന്നാല്‍ ഇത് മറയാക്കി എല്ലാ ബാച്ചുകള്‍ക്കും ക്ലാസ് നടത്തുകയാണ് കട്ടപ്പനയിലെ സെന്റ് ജോണ്‌സ് നഴ്‌സിങ് കോളേജ്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെ കോളേജ് പ്രിന്‍സിപ്പല്‍ അവരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 

ക്ലാസെടുക്കുന്നതില്‍ പ്രതിഷേധമുയര്‍ത്തി ചില കുട്ടികള്‍ കഴിഞ്ഞ ദിവസം വീടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഇനി കോളേജില്‍ കയറ്റണമെങ്കില്‍ മൂന്ന് തവണയെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് ഇവരോട് അധികൃതര്‍ പറയുന്നത്. അതേസമയം ആരോപണങ്ങളെല്ലാം പ്രിന്‍സിപ്പല്‍ നിഷേധിച്ചു. അതേസമയം സംഭവത്തെക്കുറിച്ച്ക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നാണ് ആരോഗ്യസര്‍വ്വകലാശാല വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona