Asianet News MalayalamAsianet News Malayalam

ജാതി വിവേചനത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയെന്ന് ആരോപണം

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹനെതിരെ സമരം നടത്തിയതിനാണ് പ്രതികാര നടപടിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

students alleges that college take revenge action for protesting against directors caste discrimination stand
Author
First Published Dec 9, 2022, 12:40 AM IST

കോട്ടയം : കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളോട് പ്രതികാര നടപടിയെന്ന് ആരോപണം. ഐഎഫ്എഫ്കെ കാണാനെത്തുന്ന വിദ്യാർത്ഥികൾക്കായി ബുക്ക് ചെയ്ത ഹോട്ടൽ മുറി കോളേജ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ തിരുവനന്തപുരത്തെത്തിയ 52 വിദ്യാർത്ഥികൾ പെരുവഴിയിലായി. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹനെതിരെ സമരം നടത്തിയതിനാണ് പ്രതികാര നടപടിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ കഴിഞ്ഞ നാല് ദിവസമായി സമരത്തിലായിരുന്നു വിദ്യാർത്ഥികൾ. 

ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍ കുടുങ്ങിയ അവസ്ഥ നേരിട്ടിരിക്കുന്നത്. എഴുപതു രാജ്യങ്ങളിൽ നിന്നുള്ള നൂറ്റിയെണ്‍പത്തിനാല് ചിത്രങ്ങളാണ് എട്ടുദിവസത്തെ മേളയിൽ പ്രദർശിപ്പിക്കുന്നത്. ഒരു വര്‍ഷം തന്നെ നടക്കുന്ന രണ്ടാമത്തെ ചലചിത്ര മേളയെന്ന ബഹുമതിയും ഇക്കുറി ഐഎഫ്എഫ്കെയ്ക്കുണ്ട്. കൊവിഡ് പ്രതിസന്ധിയേ തുടര്‍ന്ന് മാറ്റി വച്ചിരുന്ന 26ാമത് ചലചിത്രമേള നടന്നത് ഈവര്‍ഷം മാര്‍ച്ച് 18 മുതല്‍ 25 വരെയായിരുന്നു. 

കഴിഞ്ഞ വര്‍ഷം കോട്ടയത്ത് എംജി സര്‍വ്വകലാശാലയിലെ ജാതി വിവേചന പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥിനി നടത്തിയ നിരാഹാരം ഏറെ ചര്‍ച്ചയായിരുന്നു. പരാതിക്ക് ഇടയാക്കിയ അധ്യാപകനെ സര്‍വ്വകലാശാലയ്ക്ക് മാറ്റേണ്ടി വന്നിരുന്നു. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ്  മേധാവി നന്ദകുമാർ കളരിക്കലിനെയാണ് സര്‍വ്വകലാശാല മാറ്റിയത്.

ഗവേഷക വിദ്യാർഥിനി  ദീപ പി മോഹൻ ആയിരുന്നു ഗുരുതര ആരോപണങ്ങളുമായി സമരം ചെയ്തത്.  പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്‍റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥി ദീപ പരാതിപ്പെട്ടത്.

Follow Us:
Download App:
  • android
  • ios