59 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നു. പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വിസികെയും മുസ്‌ലിം ലീഗും മന്ത്രിസഭയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ടിവികെ അറിയിച്ചു.

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിമാർ. പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മേലൂരിൽ നിന്ന് ജയിച്ച വിശ്വനാഥൻ തമിഴ്നാട്ടിൽ ജനറൽ സീറ്റിൽ വിജയിച്ച ഏക ദളിത്‌ സ്ഥാനാർഥിയാണ്. കിള്ളിയൂർ എംഎൽഎ ആയ രാജേഷ് കുമാർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാണ്. മന്ത്രിസഭാ വികസനത്തിലൂടെ വിജയ് സർക്കാരിൽ ഇരുപതിൽ അധികം മന്ത്രിമാരുണ്ടാകുമെന്ന് സൂചന. വിസികെയും മുസ്‌ലിം ലീഗും മന്ത്രിസഭയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ടിവികെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നാളെ രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള ആർ വി ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സഖ്യം ശക്തമാക്കാൻ സഹായിക്കുമെന്നാണ് ടിവികെയുടെ വിലയിരുത്തൽ.

അണ്ണാഡിഎംകെയിലെ വിമത വിഭാഗത്തെ ഇപ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചിട്ടുണ്ട്. സഖ്യകക്ഷികളായ വിസികെയും സിപിഎമ്മും ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. എ ഐ എ ഡി എം കെ അംഗങ്ങളെ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് സി പി എം മുന്നറിയിപ്പ് നൽകിയിരുന്നു.