തൃശ്ശൂര്‍: കൊരട്ടിയില്‍ നിന്നും ഇന്നലെ കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇവരെ നാട്ടുകാര്‍ കണ്ടെത്തിയത്. നാല് പേരും ചേര്‍ന്ന് പുകവലിച്ചത് അധ്യാപകന്‍ കണ്ടിരുന്നു. ഈ വിവരം അധ്യാപകന്‍ വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നാണ് തോട്ടത്തില്‍ പോയി ഒളിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. 

ചാലക്കുടിക്കു സമീപം മേലൂരിൽ ഒരു സ്കൂളിലെ വിദ്യാർത്ഥികളെയാണ് ഇന്നലെ കാണാതായത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളെയാണ് കാണാതായത്. തുടര്‍ന്ന് കുട്ടിക്കളുടെ രക്ഷിതാക്കള്‍ കൊരട്ടി പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈകിട്ട് സ്കൂൾ വിട്ട് ഇവർ നാലു പേരും ഒരുമിച്ച് ഇറങ്ങിയതാണെന്ന് കണ്ടെത്തി. 

വിദ്യാർത്ഥികളെ വൈകീട്ട് ചാലക്കുടി റയിൽവെ സ്റ്റേഷന്‍ പരിസരത്ത് കണ്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രദേശത്തെ ജാതി തോട്ടത്തില്‍ നിന്നും ഇവരെ കണ്ടെത്തിയത്.