പീച്ചി ഡാം തുറന്നുവിട്ടതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് തൃശ്ശൂർ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്
ജുലൈ 29 ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ആറിഞ്ച് മാത്രമാണ് ഡാം തുറന്നത്. 15 മണിക്കൂറിനിടെ നാലു ഷട്ടറുകളും 72 ഇഞ്ച് വീതം തുറന്നു
തൃശ്ശൂർ: പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് തൃശൂർ സബ് കലക്ടറുടെ അന്വേഷണ റിപ്പോർട്ട്. ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് സബ് കലക്ടറുടെ റിപ്പോർട്ട്. റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ലെന്നാണ് റിപ്പോർട്ടിൽ സബ് കലക്ടർ വ്യക്തമാക്കിയിരിക്കുന്നത്.
ജുലൈ 29 ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ആറിഞ്ച് മാത്രമാണ് ഡാം തുറന്നത്. 15 മണിക്കൂറിനിടെ നാലു ഷട്ടറുകളും 72 ഇഞ്ച് വീതം തുറന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ തുറന്നത്. മണലി പുഴയുടെ തീരത്തുള്ള ആയിരകണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. വൻ നാശം വിതച്ചത് ഡാം തുറന്നതിലെ വീഴ്ച മൂലമാണെന്നും റിപ്പോർട്ട് പറയുന്നു. വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.