Asianet News MalayalamAsianet News Malayalam

'തേവര പാലത്തിൽ ലോറി പോകുമ്പോഴുള്ള പ്രകമ്പനത്തിന്‍റെ പകുതി മാത്രം', ഫ്ലാറ്റ് പൊളിക്കലിനെക്കുറിച്ച് സബ് കളക്ടർ

പൊളിക്കൽ നടപടികളെക്കുറിച്ച് സബ് കളക്ടർ സ്നേഹിൽ കുമാർ മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു. നഗരസഭ എന്നാലിത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. 

sub collector snehil kumar says no worries needed about the demolition of flats in maradu
Author
Kochi, First Published Oct 12, 2019, 3:53 PM IST

കൊച്ചി: മരടിൽ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കുന്നതിൽ സമീപവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇതിനായി ചുമതലപ്പെടുത്തിയ ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ. തേവര പാലത്തിന് മുകളിലൂടെ ഒരു ലോറി കയറിയാലുണ്ടാവുന്ന പ്രകമ്പനത്തിന്‍റെ പകുതി മാത്രമേ ഒരു ഫ്ലാറ്റ് സമുച്ചയം പൊളിക്കുമ്പോഴുണ്ടാകൂ. സമീപവാസികൾക്കെല്ലാമായി 100 കോടി രൂപയുടെ ഇൻഷൂറൻസ് പദ്ധതി ഏർപ്പെടുത്തുന്നുണ്ട്. മരട് ഫ്ലാറ്റുകൾ പൊളിക്കാനായി കണ്ടെത്തിയ കമ്പനികൾക്ക് അംഗീകാരം നൽകാനായി ചേർന്ന മരട് നഗരസഭാ കൗൺസിൽ യോഗത്തിലാണ് സബ് കളക്ടറുടെ പ്രഖ്യാപനം.

എന്നാലിതിനെ പൂർണമായും അംഗീകരിക്കാൻ മരട് നഗരസഭ തയ്യാറായിട്ടില്ല. ആശങ്കകൾ അകറ്റാൻ ഇതുവരെ സർക്കാരിനായിട്ടില്ല. പൊളിയ്ക്കൽ ഉൾപ്പടെയുള്ള നടപടിക്രമങ്ങളിൽ എന്താണ് തീരുമാനിച്ചതെന്ന് സർക്കാർ ഒളിച്ചു വയ്ക്കുകയാണ് ചെയ്തത്. സമാനമായ ഒളിച്ചു കളി ഇവിടെ നടക്കുന്നോ എന്നറിയില്ല. ആശങ്കകൾ പരിഹരിക്കാതെ കമ്പനികൾക്ക് അനുമതി നൽകാനാകില്ലെന്ന് മരട് നഗരസഭാ കൗൺസിൽ ശക്തമായ നിലപാടെടുത്തു. കൗൺസിൽ യോഗത്തിന്‍റെ അജണ്ടയിലില്ലാത്ത വിഷയം ചർച്ച ചെയ്ത് അനുമതി നൽകാനാകില്ലെന്നും കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. തുടർന്ന് ഇന്ന് വ്യക്തമായ ഒരു തീരുമാനമെടുക്കാതെ കൗൺസിൽ യോഗം പിരിഞ്ഞു. നാളെ വീണ്ടും യോഗം ചേർന്ന് തീരുമാനമെടുക്കും. കൗൺസിലർമാർ വിയോജിച്ചത് സർക്കാരിനെ അറിയിക്കുമെന്നാണ് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കിയത്. 

നൂറ് മീറ്റർ ചുറ്റളവിലുള്ളവർക്ക് ഇൻഷൂറൻസ്

കെട്ടിടം പൊളിയ്ക്കുന്നതിന്‍റെ പേരിൽ സമീപത്തുള്ള ഒരു കെട്ടിടങ്ങൾക്കും യാതൊരു തരത്തിലുള്ള നാശനഷ്ടവുമുണ്ടാകില്ലെന്നാണ് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉറപ്പ് നൽകുന്നത്. പരിസരവാസികളുടെ ആശങ്ക പൂർണമായി അകറ്റും. അവരെ താൽക്കാലികമായി ജില്ലാ ഭരണകൂടം പുനരധിവസിപ്പിക്കും. പൂർണ സുരക്ഷ ഒരുക്കി ആകും സ്ഫോടനം നടത്തുക. 

ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ ആയിട്ടാകം സ്ഫോടനത്തിലൂടെ കെട്ടിടം പൊളിക്കുക. നാല് മുതൽ അഞ്ച് മണിക്കൂർ വരെ മാത്രം നേരത്തേയ്ക്ക് ആളുകളെ ഒഴിപ്പിക്കുകയോ മാറ്റി നിർത്തുകയോ ചെയ്താൽ മതിയാകും. 

കെട്ടിടം പൊളിക്കുന്നതിന് സമീപത്തുള്ളവർക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് നൽകും. 100 കോടി രൂപയുടെ തേർഡ് പാർട്ടി ഇൻഷുറൻസാകും നൽകുക. പൊളിക്കുന്നതിനുള്ള പണം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് എടുക്കില്ല. 

മരട് ഫ്ലാറ്റുകൾ പൊളിയ്ക്കുന്നതിന് രണ്ട് കമ്പനികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. മൂന്ന് കെട്ടിടങ്ങൾ എഡിഫൈസാണ് പൊളിക്കുക. രണ്ടെണ്ണം വിജയ് സ്റ്റീലും പൊളിക്കട്ടെയെന്ന് വെള്ളിയാഴ്ച ചേർന്ന സാങ്കേതിക സമിതി തീരുമാനിച്ചതായി സബ് കളക്ടർ വ്യക്തമാക്കി.

# ഹോളി ഫെയ്‍ത്ത്, ജെയ്‍ൻ, ഗോൾഡൻ കായലോരം -  എന്നീ ഫ്ലാറ്റുകൾ എഡുഫൈസ് പൊളിക്കും

# ആൽഫാ വെഞ്ചേഴ്‍സിന്‍റെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ - വിജയ് സ്റ്റീൽ പൊളിക്കും

പൊടിപടലങ്ങൾ 5 മിനിറ്റിനുള്ളിൽ താഴും. ഇവ ചുറ്റിലേക്കും പടരാതിരിക്കാൻ വെള്ളം ഉപയോഗിച്ച് പൊടി നിയന്ത്രിക്കും. ഇതിന്‍റെ മാലിന്യം നീക്കാൻ പ്രത്യേകം ടെൻഡർ വിളിക്കും - സബ് കളക്ടർ വ്യക്തമാക്കി. 

എന്നാൽ പരിസരവാസികൾക്ക് ആശങ്ക ഒഴിയുന്നില്ല. വീടുകളുടെ ചില്ലുകൾക്കും വാതിലുകൾക്കും കേടുപാട് സംഭവിക്കുമോ എന്ന ആശങ്ക ഇവർക്ക് ഇപ്പോഴുമുണ്ട്. എന്നാലിത് സർക്കാർ തള്ളിക്കളയുകയാണ്. പരിസരവാസികൾ സഹകരിക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. 

ആകെ മൊത്തം ഫ്ലാറ്റുകൾ പൊളിക്കാൻ വെറും ആറ് സെക്കന്‍റ് മാത്രം മതിയെന്നാണ് പൊളിക്കാനുള്ള ടെൻഡർ ലഭിച്ച എഡുഫൈസ് കമ്പനി ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചത്.

Read more at: മരടിലെ ഫ്ലാറ്റുകൾ പൊളിയ്ക്കാൻ വേണ്ടത് ആറ് സെക്കന്‍റ്: പൊളിക്കാൻ ചെലവ് മൂന്ന് കോടി രൂപ

Follow Us:
Download App:
  • android
  • ios