കോഴിക്കോട്: കോഴിക്കോട് കണ്ണപ്പൻ കുണ്ടിൽ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ സുബൈദയുടെ വീടിന്‍റെ സ്ഥിതിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വിശദമായ വാർത്ത നൽകിയിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് കാട്ടി സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലെ വീടിന്‍റെ ഇപ്പോഴത്തെ അവസ്ഥ  സര്‍ക്കാരിന്‍റെ എല്ലാ അവകാശ വാദങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. അക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്ത.  

ആകെ പതിനയ്യായിരം വീടുകൾ സംസ്ഥാനമൊട്ടാകെ തകർന്നിരുന്നു. ഇതിൽ മൂവായിരത്തോളം വീടുകളുടെ പുനർനിർമാണമേ പൂർത്തിയായിട്ടുള്ളൂ. മറ്റുള്ളവർ ഇപ്പോഴും ബന്ധു വീടുകളിലും വാടകവീടുകളിലും ജീവിതം തള്ളി നീക്കുകയാണ്. ഇവരുടെ വീടുകൾ തകർന്നുതന്നെ കിടക്കുന്നു. പ്രാഥമിക സഹായമല്ലാതെ മിക്കവർക്കും സ്വന്തം വീട് പുനർനിർമിക്കാനുള്ള സഹായം കിട്ടിയിട്ടില്ല. പലതും ചുവപ്പുനാടയ്ക്ക് ഉള്ളിൽ കുരുങ്ങിക്കിടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഞങ്ങളുടെ വാർത്താ പരമ്പരയുടെ ആദ്യ വാർത്ത കണ്ണപ്പൻ കുണ്ടിൽ നിന്ന് തന്നെ തുടങ്ങാമെന്ന് തീരുമാനിച്ചത്. 

അന്നത്തെ ആ വാർത്ത ഇതായിരുന്നു: 

നിർമാണം പൂർത്തിയാക്കിയെന്ന് കാട്ടി സർക്കാർ നൽകിയ പരസ്യത്തിൽ ഉണ്ടായിരുന്ന ആ വീട്, കോഴിക്കോട് കണ്ണപ്പൻ കുണ്ടിലെ സുബൈദയുടേതാണ്. വാട്‍സാപ്പിലും ഫേസ്ബുക്കിലും ഓടി നടക്കുന്ന പരസ്യത്തിലെ ചിത്രത്തിൽ തകർന്നു പോയ സുബൈദയുടെ വീടുണ്ട്. അതുകൊണ്ടുതന്നെ പണത്തിന് അത്യാവശ്യം വരുമ്പോൾ കടം വാങ്ങാൻ പോകുന്ന ബാങ്കിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലുമുള്ളവർ സുബൈദയോട് ചോദിക്കുന്നത്, നിങ്ങൾക്ക് മന്ത്രി വീടുണ്ടാക്കിത്തന്നില്ലേ എന്നാണ്.

കേരളസർക്കാർ നൽകിയ ഒരു ലക്ഷം രൂപ മാത്രമാണ് സുബൈദയ്ക്ക് ഇതുവരെ ലഭിച്ച സഹായം. പക്ഷേ, ഇതുമാത്രം മതിയോ? ഒരു ലക്ഷം രൂപ കൊണ്ട് എന്തു ചെയ്യാനാകും?

flood rehabilitation is in big crisis in kerala  asianetnews special campaign

ഈ വാർത്ത വന്നതിന് ശേഷം, സുബൈദയ്ക്ക് സഹായം യഥാർത്ഥത്തിൽ കിട്ടിയതാണെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് തെറ്റാണെന്നുമുള്ള പ്രചാരണങ്ങളുണ്ടായി. പ്രളയത്തിൽ തക‍‍ർന്ന ഒരു വീട് - എന്ന നിലയിൽ മാത്രമാണ് ചിത്രം ഷെയർ ചെയ്തതെന്നും ആ വീട് നി‍ർമിച്ച് കൊടുത്തെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തു വന്നു.

യഥാർത്ഥ ചിത്രമെന്ത്? മന്ത്രിയുടെ ഈ പോസ്റ്റ് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. 

കഴിഞ്ഞ വ‍ർഷം ഓഗസ്റ്റ് 8-നാണ് കോഴിക്കോട് കണ്ണപ്പൻ കുണ്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. ഇവിടെ ഒരാൾ മരിച്ചു. 13 വീടുകൾ പൂർണമായും തകർന്നു. അതിലേറെ വീടുകൾ ഭാഗികമായി തകർന്നു. ഇതിൽ മൂന്ന് വീടുകളുടെ നി‍‍ർമാണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. കണ്ണപ്പൻ കുണ്ടിലെത്തി, സുബൈദയോടും നാട്ടുകാരോടും വിവരങ്ങൾ അന്വേഷിക്കുമ്പോൾ അവർ പറയുന്നത് കേൾക്കുക:

''എവിടെ അപേക്ഷയുമായി എത്തിയാലും എല്ലാവരും എന്നോട് ചോദിക്കുന്നത് നിങ്ങൾക്ക് വീട് മന്ത്രി വച്ചു തന്നില്ലേ എന്നാണ്. സർക്കാർ എനിക്ക് ഒരു ലക്ഷം തന്നിട്ടില്ലെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരുപാട് പേർ വാട്‍സാപ്പിലും മറ്റും മെസേജുകളയക്കുന്നു. എനിക്ക് വിളികൾ വരുന്നു. എനിക്ക് നല്ല ടെൻഷനുണ്ട്. ഇനി ഇത് കാരണം എനിക്ക് കിട്ടാൻ ബാക്കിയുള്ള അർഹമായ സഹായം പോലും കിട്ടാതാവുമെന്നാണ് എനിക്ക് പേടി. എന്‍റെ വീട് ഈ ഉരുൾപൊട്ടലിൽ പൂർണമായി തക‍ർന്നു പോയതാണ്. 

ഈ പരസ്യം വന്നതിലെ പ്രശ്നം ഞാൻ തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസിനെ നേരിട്ട് പോയി കണ്ട് പറഞ്ഞതാണ്. മൂന്ന് ലക്ഷം രൂപ ഇനി തരാനുള്ളത് പെട്ടെന്ന് തരണമെന്ന് എംഎൽഎയോട് അഭ്യർത്ഥിക്കുകയും ചെയ്തു. പതിനായിരം രൂപ ദുരിതാശ്വാസ ക്യാംപിൽ നിന്ന് വരുമ്പോൾ ഞങ്ങൾക്ക് കിട്ടി. 

ഈ റിപ്പോർട്ട് വന്ന ശേഷം കളക്ടറേറ്റിലും വില്ലേജോഫീസിലും പോയപ്പോൾ ഫയലുകൾ പെട്ടെന്ന് നീക്കുന്നുണ്ട്. പെട്ടെന്ന് പണം തരാമെന്നാണ് അവർ പറഞ്ഞത്.'', സുബൈദ പറയുന്നു.

ഇനി കണ്ണപ്പൻ കുണ്ടിലെ തന്നെ മുഹമ്മദിന്‍റെ അനുഭവത്തിലേക്ക് വരാം:

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കണ്ണപ്പൻകുണ്ട് സ്വദേശി മുഹമ്മദിന്‍റെ പേരിൽ മറ്റൊരു ഭൂമിയുണ്ടെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ സഹായം നിഷേധിച്ചത്. സ്വന്തം പേരിൽ ഭൂമിയില്ലെന്ന് പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം ആയതുമില്ല.

'അത് യഥാർത്ഥത്തിൽ എന്‍റെ അമ്മായിയമ്മയുടെ പേരിലുള്ള ഭൂമിയാണ്. അതിന് വേറെ അവകാശികളുമുണ്ട്. എനിക്ക് ഈ വീടല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല', മുഹമ്മദ് പറയുന്നു. 

പ്രതികരണങ്ങൾ കാണാം: