ആലപ്പുഴ: ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ മേൽ എസ്എൻഡിപി ഔദ്യോഗിക നേതൃത്വം ആരോപിക്കുന്ന സാമ്പത്തിക ക്രമേക്കേടുകളെല്ലാം നടത്തിയത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് വിമത നേതാവ് സുഭാഷ് വാസു. ഇതുസംബന്ധിച്ച നിർണായക തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു വ്യക്തമാക്കി. അതേസമയം, ആരോപണങ്ങൾ എല്ലാം തുഷാർ വെള്ളാപ്പള്ളി നിഷേധിച്ചു.

അനധികൃത സ്വത്ത് സമ്പാദത്തിന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി കെ.കെ.മഹേശനെ മറയാക്കി. എസ്എൻഡിപി നേതൃത്വത്തിലിരുന്ന് ക്രമക്കേടുകൾ നടത്തിയ പണം വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു.

കെകെ  മഹേശന്‍റെ ആത്മഹത്യാ കേസ് പ്രത്യേക സംഘത്തിന് സർക്കാർ കൈമാറിയിരുന്നു. മഹേശൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് തുഷാർ വെള്ളാപ്പള്ളിയും എസ്എൻഡിപി ഔദ്യോഗിക വിഭാഗവും ആരോപിക്കുന്നത്. ഇത് കളവാണെന്ന് തെളിയുക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുമെന്നാണ് സുഭാഷ് വാസു ഉൾപ്പെടെ വിമത പക്ഷം പറയുന്നത്. ചേർത്തല താലൂക്കിലെ ലോക് ഡൗൺ പിൻവലിച്ച ശേഷം ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമെത്തി അന്വേഷണം തുടങ്ങും.