തിരുവനന്തപുരം സെന്‍ട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീര്‍ കരമന മത്സരിക്കും. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി എൽഡിഎഫ് അൽപ്പസമയം മുന്‍പാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീര്‍ കരമന മത്സരിക്കും. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി എൽഡിഎഫ് അൽപ്പസമയം മുന്‍പാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സ്ഥാനാർത്ഥിത്വം സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നുവെന്നും തിരുവനന്തപുരം മണ്ഡലം നിലനിര്‍ത്തുമെന്നും സുധീര്‍ കരമന പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയെന്ന നിലയിൽ അഭിമാനമുണ്ട്. ആരും അന്യരല്ല. തിരുവനന്തപുരത്തിന്‍റെ എല്ലാ സ്ഥലവും നന്നായി അറിയുന്ന നാടിന് അറിയുന്ന ആളെന്ന നിലയിൽ ഈ ദൗത്യം സന്തോഷത്തോടെ സ്വീകരിക്കുകയാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യും.സിനിമയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതാണ്. താനൊരു അധ്യാപകനും സിനിമ അഭിനേതാവ് കൂടിയാണ്. സമൂഹത്തിന് വേണ്ടിയാണ് നമ്മളെല്ലാം ജീവിക്കേണ്ടത്. സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായിട്ടാണ് ഇതിനെകാണുന്നതെന്നും സുധീര്‍ കരമന പറഞ്ഞു.
സിഎംപിയുടെ സിപി ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനാണ് തിരുവനന്തപുരം സെന്‍ട്രലിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ളത്. ഇതുവരെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കരമന ജയൻ കൂടി മത്സര രംഗത്തേക്ക് വന്നാൽ തിരുവനന്തപുരം സെന്‍ട്രൽ ശക്തമായ പോരാട്ടമായിരിക്കും ഉണ്ടാകുകയെന്നാണ് പ്രവര്‍ത്തകര്‍ കണക്കുക്കൂട്ടുന്നത്. സിറ്റിങ് എംഎൽഎ ആന്‍റണി രാജുവിന് തൊണ്ടി മുതൽ കേസിലെ കോടതി വിധിയെ തുടര്‍ന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീര്‍ കരമനെയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്. സിപിഎമ്മിന്‍റെ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ് തിരുവനന്തപുരം സെന്‍ട്രൽ. എന്നാൽ, ആന്‍റണി രാജുവിന് പകരം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാൻ കഴിയാതെ വന്നതോടെയാണ് എൽഡിഎഫ് ഇടപെട്ട് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്.


