ബത്തേരിയിലെ ആദ്യ ട്രാൻസ് വുമൺ സ്ഥാനാർഥിയായ എൻവി പ്രകൃതി, തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങൾ പങ്കുവെക്കുന്നു. ആദിവാസി സമൂഹത്തിന്റെ ദുരിതങ്ങളും, വീടുകളുടെ ശോചനീയാവസ്ഥയും, പ്രചാരണരംഗത്ത് നേരിട്ട വെല്ലുവിളികളും അവർ തുറന്നു പറയുന്നു.

സുൽത്താൻബത്തേരി: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വന്നാലും പല ദിവസങ്ങളിലും ഉറക്കം വരില്ല, അത്രക്കും മനസിനെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു ബത്തേരി നിയോജക മണ്ഡലത്തില്‍ മിക്കയിടത്തും നിന്നും ലഭിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി ബാനറില്‍ മത്സരിച്ച സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ഥി എന്‍വി പ്രകൃതി. ആദിവാസി പണിയ സമുദായത്തില്‍ നിന്നുള്ള ആക്ടിവിസ്റ്റ് കൂടിയാണ് ബത്തേരി കല്ലൂര്‍ തേര്‍വയല്‍ സ്വദേശിനിയായ പ്രകൃതി. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള നിയോജക മണ്ഡലമായത് കൊണ്ട് തന്നെ ആദിവാസി സമൂഹത്തിന്റേതായിരുന്നു ഉള്ള് നീറിക്കുന്ന അനുഭവങ്ങളില്‍ കൂടുതലും. പലരും വീടില്ലാതെ കഴിയുന്നവരാണ്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറ്റും തീര്‍ത്ത ഒറ്റമുറി കൂരകളിലാണ് പൊടിക്കുഞ്ഞുങ്ങളുമായി ഇവരില്‍ ചിലരുടെ ജീവിതം. വീട് ലഭിച്ചവരുടെ കഥയാകട്ടെ മറ്റൊന്നാണ്. പുതിയ വീടുകള്‍ മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു തുടങ്ങുന്നു. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അഴിമതി ഒറ്റ നോട്ടത്തില്‍ വ്യക്തമാകുന്ന തരത്തിലാണ് വീടുകളുടെ തകര്‍ച്ച. ചോദിക്കാനും അന്വേഷിക്കാനും ആരുമില്ല ഞങ്ങള്‍ക്കെന്ന് പ്രകൃതി പറയുന്നു.

പ്രചാരണ സമയം കുറവായിരുന്നിട്ടും 150 ലധികം ഉന്നതികളിലെത്താന്‍ കഴിഞ്ഞു. ഒരു നോട്ടീസ് കൊണ്ടുപോയി കൊടുക്കാമായിരുന്നു. എന്നാല്‍ പരമാവധി ആളുകളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനാണ് ശ്രമിച്ചത്. ഉന്നതികളിലുള്ളവര്‍ക്ക് തന്റെ സ്ഥാനാര്‍ഥിത്വം സന്തോഷം പകരുന്നതായിരുന്നു. ഇത്രയും കാലങ്ങളില്‍ വന്ന ജനപ്രതിനിധികള്‍ ആദിവാസി ജനതയുടെ മാത്രമല്ല മറ്റു ജനങ്ങളുടെയും ആവശ്യങ്ങള്‍ നേരാവണ്ണം ചെയ്തു കൊടുത്തിട്ടില്ലെന്ന് പലരും പറഞ്ഞു.

''ഞങ്ങളുടെ സമുദായത്തില്‍ നിന്നൊന്നും ഇതുവരെ ആരും നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല. അഭിമാനത്തോടെയും ഏറെ സന്തോഷത്തോടെയുമാണ് ആം ആദ്മി നേതാക്കള്‍ സമീപിച്ചപ്പോള്‍ സ്ഥാനാര്‍ഥിത്വം സ്വീകരിച്ചത്. എന്നാല്‍ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഉണ്ടായത്. പോസ്റ്ററുകള്‍ പലയിടങ്ങളിലും കീറിക്കളഞ്ഞു. ചിലര്‍ തളര്‍ത്തുന്ന തരത്തില്‍ സംസാരിച്ചു. പക്ഷേ പിന്‍മാറില്ല. വരുന്ന തെരഞ്ഞെടുപ്പുകളിലും ആവശ്യമെങ്കില്‍ സ്ഥാനാര്‍ഥിയായി ഞാനുണ്ടാകും''- പ്രകൃതി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 26 വയസാണെങ്കിലും പ്രകൃതിയുടെ കന്നിവോട്ട് ആയിരുന്നു ഇത്. സ്ഥാനാര്‍ഥിയായി തന്നെ തനിക്ക് ആദ്യവോട്ട് ചെയ്യാന്‍ സാധിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ 102-ാം ബൂത്തിലാണ് പ്രകൃതി തന്റെ ആദ്യസമ്മതിദാനവകാശം രേഖപ്പെടുത്തിയത്. ബിരുദവും ഡിഎൽഇഡി യോഗ്യതയും നേടിയ അധ്യാപികയായ പ്രകൃതി ചെട്ട്യാലത്തൂര്‍ വനഗ്രാമത്തിലെ ഗവ. എല്‍പി സ്‌കൂളിലെ മെന്റര്‍ ടീച്ചറായി സേവനമനുഷ്ഠിക്കുകയാണ്.