Asianet News MalayalamAsianet News Malayalam

വെണ്ടുരുത്തി പാലത്തിൽ നിന്ന് യുവതി കൊച്ചിക്കായലിൽ ചാടി; നാവികസേനാംഗവും യുവാവും പിന്നാലെ ചാടി രക്ഷിച്ചു

കായലിൽ പട്രോളിങിലായിരുന്ന നാവികസേനയുടെ ബോട്ട് ഇവരുടെ അടുത്തേക്ക് എത്തിയത് രക്ഷാപ്രവർത്തകർക്ക് ആശ്വാസമായി

Suicide attempt Venduruthy bridge Indian Navy sailor rescues woman Vishnu Unni missing
Author
Kochi, First Published Sep 12, 2021, 9:22 PM IST

കൊച്ചി: ജീവൻ അവസാനിപ്പിക്കാനാഗ്രഹിക്കുന്നവരുടെ അഭയകേന്ദ്രമായി വെണ്ടുരുത്തി പാലം മാറിയിട്ട് കുറച്ചായി. എന്നാലും ഇവിടം കുറേ നാളുകളായി ഇത്തരം ആത്മഹത്യകൾക്ക് ഇടവേളയായിരുന്നു. ഇന്ന് വീണ്ടും 26കാരി വെണ്ടുരുത്തി പാലത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. എന്നാൽ ദൈവത്തിന്റെ കരങ്ങളുമായി നാവികസേനാംഗവും നാട്ടുകാരനായ മറ്റൊരാളും പിന്നാലെ ചാടി യുവതിയെ രക്ഷിച്ചു.

ആലപ്പുഴ സ്വദേശിയായ 26കാരിയാണ് ഇന്ന് ഉച്ചയോടെ പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്. ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് യുവതി തന്റെ ജീവനൊടുക്കാനുള്ള ശ്രമം നടത്തിയത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന നാവികസേനാംഗം ടി ആനന്ദ് കുമാറും സ്ഥലത്തുണ്ടായിരുന്ന പിജി രാജേഷ് എന്ന യുവാവുമാണ് മരണം പതിയിരിക്കുന്ന കൊച്ചി കായലിലേക്ക് എടുത്തുചാടിയത്.

ഈ സമയത്ത് കായലിൽ പട്രോളിങിലായിരുന്ന നാവികസേനയുടെ ബോട്ട് ഇവരുടെ അടുത്തേക്ക് എത്തിയത് രക്ഷാപ്രവർത്തകർക്ക് ആശ്വാസമായി. ബോട്ടിലുണ്ടായിരുന്ന നാവികസേനാംഗങ്ങൾ മൂവരെയും രക്ഷിച്ചു. തുടർന്ന് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദ് കുമാറിനും രാജേഷിനും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 

വിഷ്ണുവിന്റെ ജീവനുറങ്ങുന്ന കൊച്ചിക്കായൽ

കൊച്ചിക്കായലിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നവർ തിരഞ്ഞെടുക്കുന്ന ഇടമാണ് വെണ്ടുരുത്തി പാലം. എന്നാൽ പലപ്പോഴും ഇവിടെ നിന്ന് താഴേക്ക് ചാടുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർ നാടിന്റെ നോവായി മാറിയിട്ടുണ്ട്. നാവിക സേനാംഗമായിരുന്ന വിഷ്ണു ഉണ്ണിയെന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യാനായി കായലിലേക്ക് ചാടിയ യുവതിയെയും കുഞ്ഞിനെയും രക്ഷിച്ച ശേഷം അടിയൊഴുക്കിൽപെട്ട് പോവുകയായിരുന്നു.

2014 ഒക്ടോബർ നാലിനായിരുന്നു സംഭവം. ഇടപ്പള്ളി കുന്നുംപുറം സ്വദേശിയായ സംഗീതയെന്ന 34കാരിയാണ് കൈക്കുഞ്ഞായ തന്റെ മകനുമൊത്ത് ജീവിതം അവസാനിപ്പിക്കാൻ വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടിയത്. ബൈക്കിൽ സുഹൃത്തിനൊപ്പം ഇതുവഴി പോവുകയായിരുന്ന വിഷ്ണു ഉണ്ണി വണ്ടി നിർത്തിയ ശേഷം ഹെൽമറ്റ് സുഹൃത്തിന് നൽകി കായലിലേക്ക് ചാടി. ഇതുവഴി വന്ന പട്രോളിങ് ബോട്ടിലേക്ക് സ്ത്രീയെയും കുഞ്ഞിനെയും കൈമാറിയ ശേഷം ബോട്ടിലേക്ക് കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കായലിലെ ശക്തമായ അടിയൊഴുക്കിൽ നിലകിട്ടാതെ വിഷ്ണു ഓളങ്ങൾക്കിടയിൽ മറഞ്ഞുപോയി. നാവികസേനാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഏഴ് വർഷങ്ങൾക്കിപ്പുറവും വിഷ്ണുവിന്റെ മൃതദേഹം പോലും കിട്ടിയിട്ടില്ല.

2019 ൽ കായലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെയും രക്ഷിച്ചത് നാവികസേനാംഗങ്ങളായിരുന്നു. 36കാരനായ ആദിത്യനാണ് പഴയ വെണ്ടുരുത്തി പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്. പിന്നാലെ ചാടിയ ലീഡിങ് എയർക്രാഫ്റ്റ്മാനായിരുന്ന റിങ്കുവാണ് ആദിത്യനെ ജീവനോടെ കരക്കെത്തിച്ചത്. ഇതിന് മുൻപും നാവികസേനാംഗങ്ങൾ ജീവനൊടുക്കാൻ ശ്രമിക്കുന്നവരെ രക്ഷിക്കാൻ സ്വന്തം ജീവൻ മറന്ന് കായലിലേക്ക് എടുത്തുചാടിയിട്ടുണ്ട്. 

( ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സ്വന്തം മാനസികാരോഗ്യത്തിൽ ശ്രദ്ധ പുലർത്തുക. കടുത്ത മാനസിക സംഘർഷങ്ങളെ അതിജീവിക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ - 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios