9-ാം ക്ലാസുകാരിയായ വിദ്യാർത്ഥിയുടെ ആത്മഹത്യക്കു ശേഷം സ്കൂളിലെ സമയത്തിൽ മാറ്റം. പിടിഎയുടെ ആവശ്യ പ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്.

പാലക്കാട്: വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്കു പിന്നാലെ താൽക്കാലികമായി അടച്ചിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂൾ തുറന്നു. പിടിഎ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു ഇന്ന് വീണ്ടും സ്കൂൾ തുറന്നത്. ആശിർനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സ്കൂൾ അസംബ്ലിയും ചേർന്നു. പുതിയ പ്രിൻസിപ്പാളായി സിസ്റ്റർ പൗലി,വൈസ് പ്രിൻസിപ്പാളായി സിസ്റ്റർ ജൂലിയും ചുമതലയേറ്റെടുത്തു. പിടിഎയുടെ ആവശ്യ പ്രകാരം സ്കൂൾ സമയത്തിൽ മാറ്റം വരുത്തി. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയത്തിന് ക്രമീകരണം. 20 മിനുറ്റായിരുന്ന ഉച്ചയൂൺ സമയം 45 മിനുറ്റാക്കി വ൪ധിപ്പിച്ചു. ഇടവേള സമയങ്ങൾ 10 മിനുറ്റാക്കി ഉയ൪ത്തി. മഴക്കാലമായതിനാൽ ഒക്ടോബർ വരെ ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതി അറിയിക്കാൻ പൊതു സംവിധാനം ഈ മാസം ഏഴുമുതൽ നിലവിൽ വരും. രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതിയും നൽകാനും തീരുമാനമായി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാ൪ത്ഥി ആശി൪നന്ദ ആത്മഹത്യ ചെയ്തത്. മാ൪ക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന കുടുംബത്തിൻറെ ആരോപണത്തിനു പിന്നാലെ വിദ്യാ൪ത്ഥി പ്രതിഷേധമുയ൪ന്നു. ഇതോടെയായിരുന്നു അനിശ്ചിതകാലത്തേക്ക് സ്കൂൾ അടച്ചത്. ആരോപണ വിധേയരായ പ്രിൻസിപ്പൾ ഉൾപ്പെടെ അഞ്ച് അധ്യാപകരെ പുറത്താക്കുകയും പുതിയ പിടിഎ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.