ആത്മഹത്യാ പ്രവണത കൂടുന്നതിനാല്‍ പ്രത്യേക കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി പട്ടികവര്‍ഗ്ഗവകുപ്പിനെ സമീപിച്ച് ഊരുമൂപ്പന്‍മാര്‍. 

ഇടുക്കി: ഇടുക്കിജില്ലയിലെ ഊരാളി മലയരയ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നതിനാല്‍ പ്രത്യേക കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി പട്ടിക വര്‍ഗ്ഗ വകുപ്പിനെ സമീപിച്ച് ഊരുമൂപ്പന്‍മാര്‍. സാമ്പത്തിക പ്രതിസന്ധിയും അമിതമായ ലഹരി ഉപയോഗവും യുവാക്കള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂട്ടുന്നുവെന്നാണ് ഇവർ പറയുന്നത്.

ജനസഖ്യ കുറഞ്ഞുവരുന്ന ഇടുക്കിയിലെ ഗോത്ര വിഭാഗങ്ങളാണ് ഊരാളിയും മലയരയരും. ഇവരുടെ സാമ്പത്തിക-സാസ്കാരിക സാമൂഹ്യ മേഖലയിലെ ഉയര്‍ച്ചക്ക് വേണ്ടി സര്‍ക്കാർ തലത്തിൽ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും പലതും ഗോത്ര വിഭാഗത്തിന് നേരിട്ട് ഗുണം ചെയ്യുന്നില്ലെന്ന് ഇവർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഊരിൽ യുവാക്കൾക്കിടയിൽ ആത്മഹത്യാ പ്രവണതയും കൂടിയത്. 

read more വീടിന് മുന്നിൽ വെച്ച് കാറിടിച്ചു, കണ്ണൂരിൽ 13കാരന് ദാരുണാന്ത്യം

കഴിഞ്ഞ രണ്ടു മാസത്തിനിടെ പൂചപ്ര പൂമാല മേത്തോട്ടി എന്നിവിടങ്ങളിലായി പത്തിലധികം പേരാണ് ജീവനോടുക്കിയത്. കൂടുതലും യുവാക്കളാണ്. ഇപ്പോഴും പലരും കടുത്ത മാനസിക പ്രയാസത്തിലും പ്രതിസന്ധിയിലുമാണ്. സാമ്പത്തിക പ്രശ്നവും പ്രയാസവും മുതല്‍ അമിത ലഹരി ഉപയോഗം വരെ യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നാണ് വിവരം. ആത്മഹത്യാ പ്രവണത കൂടിയതോടെ വിഷയം ഗൗരവമായെടുക്കണമെന്നാവശ്യപ്പെട്ടാണ് ഊരു മുപ്പന്‍മാര്‍ പട്ടികവർഗവകുപ്പിനെ സമീപിച്ചത്. നേരത്തെ വകുപ്പ് കൗണ്‍സിലിംഗ് നടത്തിയിരുന്നു. ഇത് അവസാനിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ഇവര്‍ ചൂണ്ടികാട്ടുന്നത്. അതേ സമയം വിഷയം പഠിച്ചുവരുകയാണെന്നാണ് പട്ടികവർഗ വകുപ്പിന്‍റെ വിശദീകരണം. കൗൺസിലിംഗ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player