കഴിഞ്ഞ ദിവസം സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി കൊച്ചി ‍ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങിയത്.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിലെ പ്രതി സുകാന്തിനെ റിമാൻഡ് ചെയ്തു. ഇന്നലെയാണ് കേസിലെ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങിയത്. കൊച്ചി ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് സുരേഷ് കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പൊലീസിനെതിരെ യുവതിയുടെ കുടുംബം ആരോപണം ഉയര്‍ത്തിയതിനിടെയാണ് പ്രതി കൊച്ചിയിൽ കീഴടങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി കൊച്ചി ‍ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ടു മാസത്തോളം ഒളിവിൽ കഴിഞ്ഞശേഷമാണ് സുകാന്തിന്‍റെ നാടകീയ കീഴടങ്ങൽ. ഇക്കഴിഞ്ഞ മെയ് 22ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയുന്നതുവരെ സുകാന്തിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇന്നലെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സുകാന്ത് കീഴടങ്ങിയതെന്നാണ് സൂചന. 

അതേസമയം, ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പൊലീസ് അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ രം​ഗത്തെത്തിയിരുന്നു. മരണം ഉണ്ടായി രണ്ടു മാസമായിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തിൽ ആക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണെന്നും പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞിരുന്നു. 

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്‍റെ നീക്കം. കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവർ ഒളിവിലായിരുന്നു. 

അതേസമയം, ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. 

കോട്ടയത്ത് പഞ്ചായത്ത് മെമ്പറേയും പെൺ മക്കളെയും കാണാന്നില്ലെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം