'സുൽത്താൻ ബത്തേരി അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന പട്ടണമാണ്. ബത്തേരിയുടെ വികസനത്തിന് തടയിടരുത്. വയനാടിന്‍റെ ചിറകരിയുന്ന, വയനാടിനെ ജയിലിൽ അടയ്ക്കുന്ന ഉത്തരവാണ് സുപ്രീംകോടതിയുടേത്', പ്രമേയം പറയുന്നു.
വയനാട്: സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിയ്ക്ക് എതിരെ പ്രമേയം പാസ്സാക്കി സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിൽ. ജനങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതാണ് കോടതി ഉത്തരവെന്നും, ജനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം അപ്രായോഗികമാണെന്നും, പ്രമേയം പറയുന്നു. ഏകകണ്ഠമായാണ് സിപിഎം ഭരിക്കുന്ന ബത്തേരി നഗരസഭ ഈ പ്രമേയം പാസ്സാക്കിയത്.
പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കാനായി ബത്തേരി നഗരസഭ സർവകക്ഷിയോഗവും ചേർന്നു. ജനകീയ പ്രതിഷേധം എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാനാണ് യോഗം. ഈ മാസം പതിനാലാം തീയതി ബത്തേരിയിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള കോടതി വിധി നടപ്പിലായാൽ വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ബാധിക്കുക ബത്തേരി നഗരത്തെയാണ്.
അതേസമയം, പരിസ്ഥിതിലോലമേഖല സംബന്ധിച്ചുള്ള ഉത്തരവിനെക്കുറിച്ച് കേന്ദ്രസർക്കാരിന് മുന്നിൽ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജനവാസ മേഖലകൾ ഒഴിവാക്കി സംസ്ഥാനം കൊടുത്ത റിപ്പോർട്ട് പരിഗണനയിൽ ഇരിക്കെയാണ് ഈ ഉത്തരവ് വന്നത്. പൊതു താല്പര്യം കണക്കിലെടുത്ത് പരിധി കുറയ്ക്കാൻ സംസ്ഥാനം ആവശ്യപ്പെടും. വനം പരിസ്ഥിതി മന്ത്രാലയത്തെ അടക്കം സമീപിച്ചു തിരുത്തിക്കുക എന്നതാണ് മുന്നിലുള്ള വഴി. അത് സംസ്ഥാനം ചെയ്യും. എംപവേർഡ് കമ്മിറ്റിയെയും സമീപിക്കും - റോഷി അഗസ്റ്റിൻ പറയുന്നു.
അതേസമയം, സംരക്ഷിത വനത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊ
ബത്തേരി നഗരസഭാ പ്രമേയത്തിൽ പറയുന്നത്
'സുൽത്താൻ ബത്തേരി അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന പട്ടണമാണ്. ബത്തേരിയുടെ വികസനത്തിന് തടയിടരുത്. വയനാടിന്‍റെ ചിറകരിയുന്ന, വയനാടിനെ ജയിലിൽ അടയ്ക്കുന്ന ഉത്തരവാണ് സുപ്രീംകോടതിയുടേത്', പ്രമേയം പറയുന്നു. നഗരത്തിലെ വിവിധ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവ ഈ വിധിയിലൂടെ നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. ഇന്നത്തെ ബഫർ സോൺ നാളത്തെ റിസർവ് ഫോറസ്റ്റ് ആയിരിക്കും. ബഫർ സോണിലെ നിയന്ത്രണങ്ങൾ ജനങ്ങളെ കുടിയൊഴിയാൻ നിർബന്ധിക്കുന്നതാണ്. ജനങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതാണിത്. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളെയാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. ആയതിനാൽ ഇതിനോട് ബത്തേരി നിയമസഭ ശക്തമായി പ്രമേയത്തിലൂടെ പ്രതിഷേധിക്കുന്നു - പ്രമേയം വ്യക്തമാക്കുന്നു.
വയനാട്ടിലെ പ്രധാനപ്രദേശങ്ങളെല്ലാം പരിസ്ഥിതി ദുർബല പ്രദേശമായി മാറുന്ന ഈ ഉത്തരവിലൂടെ ബത്തേരി താലൂക്കും ടൗണും കാര്യമായി ബാധിക്കപ്പെടുന്നു. ഇവിടെ കെട്ടിടനിർമാണം, ഖനനം, മറ്റ് തരത്തിലുള്ള ഭൂവിനിയോഗങ്ങൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ വരും. ഇപ്പോൾത്തന്നെ വയനാട് കടുത്ത പ്രയാസങ്ങൾ നേരിടുകയാണ്. ബത്തേരി നഗരസഭയിലെ ജനസംഖ്യയിൽ 26 ശതമാനം ഗോത്രവർഗക്കാരായ ജനങ്ങളെ ബാധിക്കുന്നതും ജനജീവിതം പ്രതിസന്ധിയിലാക്കുന്നതുമായ ഈ ഉത്തരവ് പിൻവലിക്കണമെന്നും നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

നിയമപരമായി നേരിടാൻ കേരളം
വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.
പരിസ്ഥിതിലോല ഉത്തരവ് മറികടക്കാന്‍ എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുമായുളള അവലോകന യോഗത്തിനു ശേഷം മന്ത്രി എ.കെ ശശീന്ദ്രന്‍റെ പ്രതികരണം. വനസംരക്ഷണത്തിനായി സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കും. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രം പൂര്‍ണമായി ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും.