കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി. കേസിലെ ഒന്നാം പ്രതിയായ സുമിത് ഗോയൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് എഫ്ഐആർ നിയമാനുസൃതം അല്ലെന്നാണ് സുമിത് ഗോയലിന്‍റെ വാദം. സർക്കാർ അനുമതി ഇല്ലാതെയാണ് കേസെടുത്തതെന്നും അതിനാൽ എഫ്ഐആർ നിലനിൽക്കില്ലെന്നും സുമിത് ഗോയൽ ഹര്‍ജിയില്‍ വാദിക്കുന്നു. ഹർജി ഈ മാസം ഒമ്പതിന് പരിഗണിക്കും. 

പാലാരിവട്ടം മേൽപ്പാലം നിര്‍മ്മിച്ച നിർമാണക്കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്സിന്‍റെ എംഡിയാണ് സുമിത് ഗോയൽ. ആര്‍ഡിഎസിന്‍റെയും സുമിത് ഗോയലിന്‍റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി വിജിലൻസ് സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്‍റെ പക്കലുണ്ട്.