സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: വേനലിന്‍റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് കൊടിയ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിന്‍റെ വാര്‍ത്തകളും വരികയാണ്. പാലക്കാട് മണ്ണാര്‍ക്കാട് പതിനൊന്നുകാരന് സൂര്യാഘാതമേറ്റു എന്ന വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്. 

മണ്ണാര്‍ക്കാട് സ്വദേശി രാധാകൃഷ്ണന്‍റെ മകൻ ശ്രീരാജിനാണ് സൂര്യാഘാതത്തില്‍ പൊള്ളലേറ്റത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി, ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി മാസം തന്നെ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെട്ടത്. മാര്‍ച്ചില്‍ ഇനി ചൂടിന് ആശ്വാസമായി വേനല്‍ മഴ എപ്പോള്‍ എത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ചൂട് കനക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനും സൂര്യാതപത്തിനുമെല്ലാം സാധ്യത കൂടുതലായതിനാല്‍ നല്ലതുപോലെ വെയിലുള്ള സമയത്ത്, പ്രത്യേകിച്ച് ഉച്ചസമയത്ത് കഴിയുന്നതും അധികസമയം സൂര്യപ്രകാശമേല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് വിശ്രമം നല്‍കണമെന്ന് ലേബര്‍ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിഷേധിച്ച് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് പരിശോധിക്കുന്നുമുണ്ട്. 

Also Read:- മാർച്ചിലും കനത്തു തന്നെ; സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്, ആറു ജില്ലകളിൽ ജാ​ഗ്രത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo