കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയിൽ സമ്പൂര്‍ണ്ണ അടച്ചുപൂട്ടൽ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതോടൊപ്പം കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളുടെ പ്രവർത്തനവും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിരോധിച്ചു. 

കോഴിക്കോട് തൂണേരിയിൽ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. 600 പേരിൽ നടത്തിയ ആന്‍റിജൻ ടെസ്റ്റിലാണ് 43 പേർക്ക് കൂടി കൊവിഡ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡന്‍റും രണ്ട് അംഗങ്ങളും അടക്കം 53 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൂണേരിയിൽ മാത്രം 97 പേർക്ക് രോഗം കണ്ടെത്തി. തൂണേരി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ജില്ലയിലാകെ ജാഗ്രതയുണ്ട്. 

സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പഞ്ചായത്ത് തലത്തില്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. പത്ത് ദിവസത്തിനകം സംസ്ഥാനത്താകെ അമ്പതിനായിരം  കിടക്കകള്‍ സജ്ജീകരിക്കാനാണ് തീരുമാനം. ഇതിന് നേതൃത്വം നല്‍കാന്‍ 14 ജില്ലകളിലും പ്രത്യേകം ഐഎഎസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.