മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും ത്വാഹക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷവും ആശ്വാസവുമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനയത്തിനും രാഷ്ട്രീയ ധാര്‍മ്മികതയ്ക്കും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലടച്ച നടപടിയെന്നും ഇടതുപക്ഷം ഇക്കാര്യത്തില്‍ ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്യായമായി യുഎപിഎ ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടവരുടെ മോചനത്തിനായി ബഹുജനപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും അറസ്റ്റ് ചെയ്ത ഇരുവര്‍ക്കും ബുധനാഴ്ചയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കുമെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഐഎക്ക് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തഹയ്ക്കും അലനും ജാമ്യം ലഭിച്ചതില്‍ സന്തോഷം, ആശ്വാസം. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനയത്തിനും രാഷ്ട്രീയധാര്‍മ്മികതയ്ക്കും തീര്‍ത്തും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലടച്ച നടപടി. ഇടതുപക്ഷം ഇക്കാര്യത്തില്‍ ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും തയ്യാറാവണം. ഭരണകൂടഭീകരതയുടെ ഇരകളായി, അന്യായമായി യുഎപിഎ ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടവരുടെ മോചനത്തിനായി ബഹുജനപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷം മുന്നിട്ടിറങ്ങണം.