Asianet News MalayalamAsianet News Malayalam

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷം: ഇടതുപക്ഷത്തിന് ആത്മവിമര്‍ശനം നടത്താനുള്ള അവസരമെന്ന് സുനില്‍ പി ഇളയിടം

ഈ പ്രശ്നത്തിന്റെ വേരുകൾ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്സിറ്റി കോളേജിൽ പൊടുന്നനെ തുടങ്ങിയതല്ല; അവിടെ മാത്രമായി ഉള്ളതല്ല; അവിടത്തെ നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല.

sunil p illayidam about university college incident
Author
Palayam, First Published Jul 14, 2019, 10:05 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ സ്വയം പരിശോധനയ്ക്കുള്ള അവസരമായി ഇടതുപക്ഷം ഉപയോഗിക്കണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. കോളേജ് യൂണിറ്റ് പിരിച്ചു വിടാനും കേരളീയ പൊതുസമൂഹത്തോട് മാപ്പു പറയാനും എസ്എഫ്ഐ നേതൃത്വം തയ്യാറായത് വളരെ നന്നായെന്നും ഇത്തരം സംഭവങ്ങളിലൂടെ സ്വയം ആത്മപരിശോധന നടത്തി ശുദ്ധീകരിക്കാന്‍ ഇടതുപക്ഷം തയ്യാറാവണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുനില്‍ പി ഇളയിടം ആവശ്യപ്പെട്ടു. 

എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷനും സിപിഎം എം.പിയുമൊക്കെ ആയിരുന്ന ഒരാള്‍ ആദ്യം കോണ്‍ഗ്രസിലും പിന്നീട് ബിജെപിയിലും എത്തുന്ന അവസ്ഥ എങ്ങനെയാണ് ഉണ്ടായത് ?  അങ്ങനെയൊരാൾ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടത്. അപ്പോഴേ ഇടതുപക്ഷ സംഘടനാരാഷ്ടീയം പലയിടത്തും നേരിടുന്ന പ്രതിസന്ധി തിരിച്ചറിയാൻ കഴിയൂ. ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സംഘടനാ സംവിധാനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനരീതികളിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുന്നതിന്‍റെ വികൃതമായ രൂപമാണ് യൂണിവേഴ്സിറ്റി കോളേജിൽ കണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. 

സുനില്‍ പി ഇളയിടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്....

യൂണിവേഴ്സിറ്റി കോളേജിലെ യുണിറ്റ് പിരിച്ചുവിടാനും അവിടെ അരങ്ങേറിയ സംഘർഷത്തിന്റെ പേരിൽ കേരളീയ സമൂഹത്തോട് മാപ്പു പറയാനും എസ്. എഫ്. ഐ . നേതൃത്വം തയ്യാറായത് നന്നായി. വഷളായ ന്യായീകരണങ്ങൾക്ക് മുതിരാതെ ആത്മവിമർശനപരമായി സംഘടന ഇക്കാര്യത്തെ സമീപിച്ചത് പഴയ ഒരു എസ്. എഫ്. ഐ. പ്രവർത്തകൻ എന്ന നിലയിൽ സന്തോഷകരമായി തോന്നിയ കാര്യമാണ്.
എസ്. എഫ്. ഐ. നേതൃത്വം അതിൽ അഭിനന്ദനമർഹിക്കുന്നു.

എന്നാൽ, ഈ പ്രശ്നത്തിന്റെ വേരുകൾ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്സിറ്റി കോളേജിൽ പൊടുന്നനെ തുടങ്ങിയതല്ല; അവിടെ മാത്രമായി ഉള്ളതല്ല; അവിടത്തെ നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല. ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്സിറ്റി കോളേജിൽ കണ്ടത്. ഇടതുപക്ഷമോവിദ്യാർത്ഥി പ്രസ്ഥാനമോ അപ്പാടെ അങ്ങനെയായി എന്നല്ല. 

പക്ഷേ, രാഷ്ട്രീയ ബോധ്യങ്ങൾക്കു പകരം സംഘടനാമുഷ്കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും പ്രധാനമാവുന്ന സ്ഥിതിവിശേഷം ഇടതുപക്ഷ സംഘടനാജീവിതത്തിൽ പലയിടത്തും പ്രബലമാണ്.ഇതിന്റെയും വേരുകൾ അവിടെയാണ് ; യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല.

എസ്. എഫ്. ഐ. യുടെ സംസ്ഥാന അധ്യക്ഷ പദവും എം.പി.സ്ഥാനവും ഒക്കെ കയ്യാളിയ ഒരാൾ ആദ്യം കോൺഗ്രസ്സ് നേതാവും പിന്നാലെ ബി.ജെ.പി. നേതാവുമൊക്കെയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതങ്ങനെയാണ്.നിശ്ചയമായും അയാൾ ഒരാളല്ല. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ പലരും അയാളിലുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ "നേതാക്കൾ " ഉൾപ്പെടെ .

അയാൾ എങ്ങനെ ബി.ജെ.പി.യിലെത്തി എന്നല്ല , അങ്ങിനെയൊരാൾ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടത്. അപ്പോഴേ ഇടതുപക്ഷ സംഘടനാരാഷ്ടീയം പലയിടത്തും നേരിടുന്ന പ്രതിസന്ധി തിരിച്ചറിയാൻ കഴിയൂ. 
മറികടക്കാനും .

സംവാദസന്നദ്ധത, പുതിയ ആശയ - വൈജ്ഞാനിക ലോകങ്ങളുമായി വിനിമയത്തിനുള്ള ശേഷി, ആണൂറ്റത്തിന്റെ അശ്ലീലം കലർന്ന ശരീരഭാഷയെയും സംഘടനാരൂപങ്ങളെയും മറികടക്കുന്ന രാഷ്ട്രീയം, ജനാധിപത്യവിവേകം... എന്നിവയ്ക്കായി ബോധപൂർവം പണിപ്പെടുന്നതിലൂടെ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ മൗലികപ്രശ്നം പരിഹരിക്കാനാവൂ. 

അല്ലെങ്കിൽ ഇടതുപക്ഷത്തെ ദുർബലപ്പെട്ടുത്തുന്ന വിധത്തിൽ, മുഷ്കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും അരങ്ങുവാഴുന്ന രാഷ്ട്രീയ അവിവേകത്തിന്റെ പരമ്പരയിലെ പുതിയൊരു സന്ദർഭം മാത്രമായി ഇതും അവസാനിക്കും.

ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാൻ മറ്റാരേക്കാളും ഇടതുപക്ഷത്തിന് ബാധ്യതയുണ്ട് !!

Follow Us:
Download App:
  • android
  • ios