സുനിത വില്യംസിന്‍റെ മടങ്ങിവരവ് ഇനിയും വൈകും; സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം മാറ്റിവച്ചു

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്. ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നമാണ് ദൗത്യം മാറ്റിവയ്ക്കാൻ കാരണം.

Sunita Williams return further delayed NASA postpones SpaceX Crew 10 launch

കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള സുനിത വില്യംസ് അടക്കമുള്ളവരുടെ തിരിച്ചുവരവ് ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. അടുത്ത ശ്രമം എന്ന് നടത്തുമെന്ന് സ്പേസ് എക്സും നാസയും അറിയിച്ചിട്ടില്ല. സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം വൈകുന്നതിന് അനുസരിച്ച് സുനിത വില്യംസ് അടക്കം ക്രൂ 9 സംഘാംഗങ്ങളുടെ തിരിച്ചുവരവും വൈകും.

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിന്‍റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാർലൈനറിന്‍റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവച്ചു. തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയില്‍ 2024 സെപ്റ്റംബര്‍ 7ന് ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഐഎസ്എസിൽ തുടരേണ്ടിവരികയായിരുന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തു.

Also Read: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അധികാര കൈമാറ്റം; വികാരനിര്‍ഭരയായി സുനിത വില്യംസ്

സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ മാര്‍ച്ച് 16ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു പ്രതീക്ഷ. സുനിതയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം ജൂണില്‍ ഐഎസ്എസിലേക്ക് തിരിച്ച നാസയുടെ തന്നെ ബുച്ച് വില്‍മോറും, നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തിന്‍റെ മടക്കയാത്രയിലുണ്ടാവും. എന്നാല്‍ ഈ നാല്‍വര്‍ സംഘത്തിന്‍റെയും മടക്കം സ്പേസ് എക്സിന്‍റെ ക്രൂ-10 ദൗത്യം ഭൂമിയില്‍ നിന്ന് യാത്രതിരിക്കുന്നത് അനുസരിച്ചിരിക്കും. സ്പേസ് എക്സിന്‍റെ ക്രൂ-10 ദൗത്യം വൈകിയതോടെ സുനിത വില്യംസിന്റെ മടങ്ങിവരും വൈകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios