Asianet News MalayalamAsianet News Malayalam

ഭക്ഷ്യകിറ്റ് അട്ടിമറിക്കാൻ ശ്രമം നടന്നേക്കാം; ജീവനക്കാർക്ക് സപ്ലൈകോ ജനറൽ മാനേജരുടെ മുന്നറിയിപ്പ്

ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാർക്ക് നൽകിയ മാ‍ർ‍ഗനിർ‍ദ്ദേശത്തിലാണ് ജനറൽ മാനേജർ ആർ രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നത്.

supplyco general manager warning to employees about food kit
Author
Thiruvananthapuram, First Published Jan 23, 2021, 7:02 AM IST

തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന് സപ്ലൈക്കോ ജനറൽ മാനേജറുടെ മുന്നറിയിപ്പ്. ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാർക്ക് നൽകിയ മാ‍ർ‍ഗനിർ‍ദ്ദേശത്തിലാണ് ജനറൽ മാനേജർ ആർ രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നത്.

സർക്കാരിൻറെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിടെയാണ് ജനറൽ മാനേജറുടെ മുന്നറിയിപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിൻറെ വിജയത്തിന് കാരണമായെന്ന് വിലയിരുത്തപ്പെട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിൻറെ പ്രവർത്തനത്തെ തുരങ്കം വയ്ക്കാൻ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് കത്തിൽ തന്നെ മുന്നറിയിപ്പ് നൽകിയതെന്നാണ് സൂചന. അവതാളത്തിലാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമം നടത്താൻ സാധ്യതയുള്ളതിനാൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നാണ് കത്തിൽ ജനറൽ പറയുന്നത്. 

ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, കൃത്യമായി പാക്ക് ചെയ്ത സമയബന്ധിതമായി റേഷൻ കടകളിൽ എത്തിക്കാനാണ് നിർദ്ദേശം. സപ്ലൈക്കോ ടെണ്ടർ വഴി വാങ്ങുന്ന സാധനങ്ങളിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പ്രാദേശികമായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാൻ റീജണൽ മാനേജർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതിൽ കാലതാമസം വരുത്താനോ റേഷൻ കടകളിൽ കിറ്റ് എത്തിക്കുന്നതിൽ അട്ടിമറി നടത്താനോ സാധ്യത മുന്നിൽ കണ്ടാണ് ജനറൽ മാനേജർ രാഹുലിന്റെ മുന്നറിയിപ്പെന്നാണ് വിവരം. ഒന്നാം ഘട്ടത്തിൽ കിറ്റിൽ ഉള്‍പ്പെട്ട ശർക്കരക്കും പപ്പടത്തിനും ഗുണനിവാരമില്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. വീണ്ടും ഇത്തരം ആക്ഷേപങ്ങൾ തെരഞ്ഞെടുപ്പിന് മുൻപുണ്ടായാൽ സൗജന്യവിതരണത്തിന്റെ നിറം കെടുത്തുമെന്നതിനാലാണ് മുന്നറിയിപ്പ്. എന്നാൽ രഹസ്യന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണോ മാർഗ്ഗനിർദ്ദേശമെന്ന് വ്യക്തമാക്കാൻ ജനറൽ മാനേജർ തയ്യാറായിട്ടില്ല.

Follow Us:
Download App:
  • android
  • ios