നെല്ല് സംഭരണത്തിൽ നിന്ന് സപ്ലൈകോ പിന്മാറിയിട്ടില്ല, കർഷകർക്ക് വേഗത്തിൽ പണമെത്തിക്കാനാണ് ശ്രമം: മന്ത്രി
സബ്സിഡി ഇനങ്ങളുടെ വില കൂട്ടേണ്ട സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സപ്ലൈക്കോയുടെ കത്ത് സർക്കാരിന് കൈമാറിയിട്ടുണ്ട്

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ നിന്നു സപ്ലൈക്കോ പൂർണമായി പിൻമാറിയിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. സൗകര്യമുള്ള സ്ഥലങ്ങളിൽ സഹകരണ സംഘങ്ങളെ കൂടി സഹകരിപ്പിക്കാനാണ് തീരുമാനം. കർഷകർക്ക് പരമാവധി വേഗത്തിൽ പണം ലഭിക്കാനുള്ള സൗകര്യമാണുണ്ടാക്കുന്നത്. സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിക്കണം എന്ന ആവശ്യം ന്യായമാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സബ്സിഡി ഇനങ്ങളുടെ വില കൂട്ടേണ്ട സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സപ്ലൈക്കോയുടെ കത്ത് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇനി സർക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടത്. നല്ല രീതിയിലുള്ള വിപണി ഇടപെടലിനാണ് സർക്കാർ ശ്രമിക്കുന്നത്. താത്കാലിക ജീവനകർക്ക് ടാർഗറ്റ് നിശ്ചയിക്കുന്നതിൽ തെറ്റില്ല. സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള ക്രമീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പന്ന്യൻ രവീന്ദ്രന്റെ വിമർശനത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആശങ്കയിലാണ് പാലക്കാട്ടെയും കുട്ടനാട്ടെയും കർഷകർ. വർഷങ്ങൾക്കു മുൻപ് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതി വീണ്ടും കൊണ്ടുവരുന്നത് എന്തിനെന്നാണ് ഇവരുടെ ചോദ്യം. സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് മില്ലിൽ കൊണ്ടുപോയി അരിയാക്കി സപ്ലൈകോയ്ക്ക് നൽകണമെന്നാണ് സർക്കാർ തീരുമാനം. നെല്ലിന്റെ വില ഉടൻ തന്നെ സംലങ്ങൾ കർഷകർക്ക് നൽകണം. സർക്കാരിന്റെ ഈ തീരുമാനം നടപ്പാക്കുമ്പോൾ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
ഭൂരിഭാഗം സഹകരണ സംഘങ്ങൾക്കും നെല്ല് സംഭരിക്കാനുള്ള ഗോഡൗണില്ല. വളം സംഭരിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. പല സംഘങ്ങൾക്കും കോടികൾ മുടക്കി നെല്ല് സംഭരിക്കാനുള്ള സാമ്പത്തിക ശേഷിയുമില്ല. ഉള്ള പണമെടുത്ത് നെല്ലിന് കൊടുത്താൽ നിക്ഷേപകർ പണം ആവശ്യപ്പെട്ടാലും മറ്റ് കാര്യങ്ങൾക്കും സംഘങ്ങൾ ബുദ്ധിമുട്ടും. സുതാര്യമായി നെല്ല് സംഭരണം നടക്കുമോയെന്ന ആശങ്കയുമുണ്ട്. നെല്ല് സംഭരിക്കാതെ, കണക്കിൽ കൃത്രിമം കാട്ടി പണം തട്ടിയ കേസുകൾ മുമ്പ് ഉണ്ടായിട്ടുണ്ട്. സൊസൈറ്റികളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്ഥാപിത താത്പര്യങ്ങളും പ്രശ്നങ്ങൾക്കിടയാക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.