30 ന് കേസ് വീണ്ടും കോടതി പരിഗണിക്കും. ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു

ദില്ലി: ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിലെ പ്രതി ചുങ്കത്ത് ജോണ്‍‍സന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഈ മാസം 30 വരെ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദ്ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജോണ്‍സണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജോണ്‍സന്‍റെ ഹര്‍ജി 30 ന് വീണ്ടും പരിഗണിക്കും. കേസില്‍ സംസ്ഥാന സർക്കാരിനും ഇരയ്ക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

2016-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. 2018-ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുര്‍ന്ന് ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona