25 വർഷത്തെ വരവും ചെലവും പരിശോധിക്കണം. മൂന്ന് മാസത്തിനുളളിൽ ഓഡിറ്റ് പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. 

ദില്ലി: ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കണമെന്ന തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. മൂന്ന് മാസത്തിനുള്ളില്‍ ഓഡിററ് പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സ്വതന്ത്രസ്ഥാപനമായി പ്രഖ്യാപിക്കണമെന്ന ട്രസ്റ്റിന്‍റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസുമാരായ യുയു ലളിത്, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയെ ബെഞ്ചാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്‍റെ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കണമെന്ന് ഉത്തരവിട്ടത്. ഓഡിറ്റിംഗിനായി സ്വകാര്യ കമ്പനിയെ ഭരണസമിതി ഏര്‍പ്പെടുത്തിയതിനെതിരെ ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയിലെത്തി. ക്ഷേത്രത്തിന്‍റെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടെപടുന്നില്ലെന്നും അതിനാല്‍ ഓഡിറ്റിംഗ് ബാധകമാക്കണ്ടതില്ലെന്നുമായിരുന്നു ട്രസ്റ്റിന്‍റെ പ്രധാന വാദം. രാജകുടുംബം ക്ഷേത്രത്തില്‍ നടത്തുന്ന മതപരമായ ആചാരങ്ങളുടെ മേല്‍നോട്ടത്തിനാണ് 1965ല്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് ട്രസ്റ്റ് രൂപീകരിച്ചതെന്നും ഹര്‍ജിയില്‍ വാദിച്ചു. മാത്രമല്ല ക്ഷേത്ര ഭരണത്തിന് പുറത്തുള്ള സ്വതന്ത്ര സ്ഥാപനമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഹര്‍ജി തള്ളിയ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് മൂന്ന് മാസത്തിനുള്ളില്‍ പരമാവധി വേഗം ഓഡിറ്റിംഗ് പൂര്‍ത്തിയാക്കണമന്നാവശ്യപ്പെട്ടു. ക്ഷേത്ര സ്വത്തുക്കളിൽ ചിലത് ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലുണ്ടെന്ന ഭരണസമിതിയുടെ വാദം അംഗീകരിച്ച് സ്വതന്ത്ര സ്ഥാപനമായി പ്രഖ്യാപിക്കാനാവില്ലെന്നും വ്യക്തമാക്കി. ട്രസ്റ്റിനെതിരെ ശക്തമായ വാദങ്ങളാണ് ഭരണ സമിതി കോടതിയില്‍ ഉന്നയിച്ചത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ക്ഷേത്രത്തിന്‍റെ ചെലവുകള്‍ കൂടി വഹിക്കാനാണ് ട്രസ്റ്റ് രൂപീകരിച്ചത്. അതിനാല്‍ ദൈനംദിന ചെലവുകള്‍ വഹിക്കാന്‍ ട്രസ്റ്റിന് നിര്‍ദ്ദേശം നല്‍കണമെന്നും ഭരണസമിതി വാദിച്ചു. ട്രസ്റ്റില്‍ ഓഡിറ്റ് നടത്തണമെന്ന അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ ശുപാര്‍ശയും കോടതി പരിഗണിച്ചു. ക്ഷേത്രത്തിന് സമീപമുള്ള ശ്രീവൈകുണ്ഠം,ഭജനപുര, അനന്തശയനം തുടങ്ങിയ മണ്ഡപങ്ങളും, കുതിരമാളിക ആര്‍ട് ഗ്യാലറിയും എന്നിവയും ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലാണെന്നും,ഇവിടങ്ങളിലെ വരവ് ചെലവ് കണക്കുകള്‍ ഓ‍ഡിറ്റ് ചെയ്യപ്പെടുന്നില്ലെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona