ചോറ്റാനിക്കര കോടതിയിലെ വഞ്ചന കേസ്, ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. മരം മുറി കേസിലെ നടപടികള്‍ക്ക് ശേഷം, വഞ്ചന കേസ് പരിഗണിക്കാനാണ് സുപ്രീം കോടതി നിർദേശം.

ദില്ലി: മുട്ടില്‍ മരംമുറി കേസും വഞ്ചനാ കേസും ഒരേ കോടതിയില്‍ വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. കേസിലെ പ്രതി റോജി അഗസ്റ്റിൻ്റെ ആവശ്യം അംഗീകരിച്ച കോടതി ചോറ്റാനിക്കര കോടതിയിലെ വഞ്ചന കേസ്, പ്രധാന കേസ് നടക്കുന്ന ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. .മരം മുറി കേസിലെ നടപടികള്‍ക്ക് ശേഷം, വഞ്ചന കേസ് പരിഗണിക്കാനാണ് സുപ്രീം കോടതി നിർദേശം. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ടായിരുന്നു കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിന്‍ സുപ്രീംകോടതിയെ സമീപിച്ചത്.. മരം മുറി കേസില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ട് കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ബസന്ത്, അഭിഭാഷകൻ പി വിഷ്ണു എന്നിവർ വാദിച്ചു. രണ്ടും വ്യത്യസ്തമായ കേസുകളാണെന്നും പ്രതികള്‍ക്കെതിരെ ആകെ 37 കേസുകളുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. രണ്ട് കേസുകളിലും വെവ്വേറെയാണ് തെളിവ് എടുക്കേണ്ടത്.കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ എം ആർ രമേഷ് ബാബു, സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ ജോസഫ് എന്നിവർ ഹാജരായി.