ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച  ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപച്ചത്

ദില്ലി: ലഹരി ഇടപാടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇഡി വാദിക്കുന്നത്.

കേസിൽ 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വർഷത്തിന് ശേഷം കർശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അഞ്ച് മാസത്തിന് ശേഷമാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറിയാണ് ഇഡിക്ക് വേണ്ടി അപ്പീല്‍ ഹർജി ഫയല്‍ ചെയ്തത്.

ഹർജിയിൽ പ്രധാനമായും ഇഡി പറയുന്ന കാര്യങ്ങൾ 

  • നാലാം പ്രതിയായ ബീനീഷിനെതിരെ കൃത്യമായ തെളിവുകളുണ്ട്. 
  • സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷിന്റെ വിശദീകരണം തൃപ്തികരമല്ല
  • കേസിൽ ഇനിയും ചിലരെ ചോദ്യം ചെയ്യാനുണ്ട്. 
  • അതിനാൽ ബിനീഷിന് ജാമ്യം നൽകിയത് കേസിനെ ബാധിക്കും. 
  • ഒന്നാം പ്രതി അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷിനെതിരായ കേസിന് അടിസ്ഥാനം.
  • 2012 മുതല്‍ പ്രതികൾ തമ്മില്‍ പണമിടപാട് നടന്നിരുന്നതായി ഇ.ഡി കണ്ടെത്തൽ. 
  • ആദായ നികുതി റിട്ടേണുകളിൽ ബിനീഷ് തിരിമറി നടത്തിയെന്നും ആരോപണം.